ക്വാറന്റൈന്‍ കാലയളവിനു ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ തന്നെ കോവിഡ് ബാധിച്ച ഒരാളില്‍ നിന്നും രോഗം പകരാനുള്ള സാധ്യത ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് പഠനം. കോവിഡ് ബാധയ്ക്കു ശേഷം 71 മുതല്‍ 272 ദിവസം വരെ രോഗം മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത ഉണ്ടെന്ന് ഫ്രണ്ടിയര്‍ ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സാവോപോളോ യൂണിവേഴ്‌സിറ്റി, ബ്രസീലിലെ ഒസ്വാള്‍ഡോ ക്രസ് ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്രസീലിലെ 38 രോഗികളില്‍ 2020 ഏപ്രില്‍-നവംബര്‍ മാസങ്ങള്‍ക്കിടയില്‍ പ്രതിവാര അടിസ്ഥാനത്തിലായിരുന്നു പഠനം. ഇവരുടെ ആര്‍ടിപിസിആര്‍ ഫലം രണ്ടോ മൂന്നോ തവണ പോസിറ്റീവ് ആയതായി പഠനത്തില്‍ പറയുന്നു.
ചില രോഗികള്‍ നെഗറ്റീവ് ആവാന്‍ ഒരു മാസത്തോളം സമയം എടുത്തു. രണ്ട് പുരുഷന്മാരിലും ഒരു സ്ത്രീയിലും 70 ദിവസത്തോളം വൈറസ് കണ്ടെത്തിയതായി ഗവേഷകനായ മാരിയേൽട്ടൺ ഡോസ് പാസോസ് കുൻഹ പറയുന്നു. ചില കേസുകളില്‍ 71 മുതല്‍ 232 ദിവസങ്ങള്‍ വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പൗല മിനോപ്രിയ പറഞ്ഞു.
വൈറസ് ബാധിക്കുന്ന എട്ട് ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വൈറസ് രണ്ട് മാസം വരെ നിലനില്‍ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. നിലവില്‍ ഏഴ്, 10, 14 ദിവസങ്ങളായി പരിമിതപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ കാലയളവ് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ENGLISH SUMMARY: covid will spread from patient to patient even after the quarantine period
You may also like this video