ദശരഥ മഹാരാജാവിന് രണ്ട് ദുഃഖങ്ങള്‍ ഉണ്ടായിരുന്നു. പുത്രര്‍ ഇല്ലാത്ത ദുഃഖവും പുത്രര്‍ ഉണ്ടായതിന്റെ ദുഃഖവും. ഇതില്‍ അനപത്യതാദുഃഖത്തിനു പരിഹാരം കാണുന്നതിനാണ് പുത്രകാമേഷ്ടി നടത്തിയത്. (യാഗവും പൂജയും കൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവുമോ എന്ന ചോദ്യവും അതിനുള്ള ഉത്തരവുമല്ല, വിശ്വാസികളെ അവരുടെ ചിട്ടവട്ടങ്ങള്‍ അനുസരിച്ചുള്ള ചില യുക്തിചിന്തനങ്ങളാണ് ഇവിടെ നടത്തുന്നത്). ചിലര്‍ പുത്രകാമേഷ്ടിയാഗം എന്നു പറയാറുണ്ട്. പക്ഷേ അതു വേണമോ എന്നു സംശയമുണ്ട്. കാരണം ‘ഇഷ്ടി’ എന്ന പദത്തിനു തന്നെ യാഗം എന്നാണര്‍ത്ഥം. ദശരഥ മഹാരാജാവ് പുത്രകാമേഷ്ടി നടത്തിയപ്പോള്‍ നാല് പുത്രന്മാരുണ്ടായില്ലേ. പുത്രരില്ലാത്ത ദുഃഖം പരിഹരിക്കാന്‍ പുത്രകാമേഷ്ടി ചെയ്യണമെന്നു പറഞ്ഞ് ചൂഷണയാഗങ്ങള്‍ നടത്തിയവര്‍ ഇക്കാലത്തും നമുക്കിടയിലുണ്ട്. നീലച്ചായം പൂശി മുടിയില്‍ പീലി ചൂടിയാല്‍ ആരും കൃഷ്ണനാവില്ല എന്നതു പോലെ ഋഷ്യശൃംഗരല്ലാത്തവര്‍ പുത്രകാമേഷ്ടി ചെയ്താല്‍ ഫലം ഉണ്ടാവില്ലെന്നു ചിന്തിക്കാന്‍ സഹായിക്കുന്ന രാമായണപരിചിന്തനകള്‍ വേണം. പുത്രകാമേഷ്ടി ബ്രഹ്മപുത്രനായ ബ്രഹ്മര്‍ഷി വസിഷ്ഠന്‍ ചെയ്താല്‍ പോലും ശരിയാവില്ല എന്നതിനാലാണ് വിഭാണ്ഡക പുത്രനായ ഋഷ്യശൃംഗനെ അയോധ്യയിലേക്ക് വിളിച്ചുവരുത്തിയത്. ഋഷ്യശൃംഗനെപ്പോലെ സവിശേഷമായ തപസിന്റെ മികവും തികവും ഇല്ലാത്തവര്‍ യാഗം ചെയ്താല്‍ ഫലമുണ്ടാവില്ലെന്ന രാമായണപാഠം പുത്രകാമേഷ്ടി എന്നു കേള്‍ക്കുമ്പോഴേക്ക് പതിനായിരങ്ങള്‍ നല്‍കി രശീതി മുറിക്കാന്‍ പാഞ്ഞുചെല്ലുന്ന ഭക്തജനങ്ങള്‍ ഓര്‍മ്മിക്കണം. വാല്മീകീ രാമായണത്തിലാണ് പുത്രലാഭാര്‍ത്ഥം ദശരഥ മഹാരാജാവ് അയോധ്യയില്‍ പത്നീസമേതനായി നടത്തിയ പുത്രകാമേഷ്ടി വിവരണമുള്ളത്.
ഇത് കൂടി വായിക്കൂ:അധ്യാത്മ രാമായണത്തിന്റെ ജനകീയതയും വിപ്ലവാത്മകതയും
ബാലകാണ്ഡം പതിനാലാം സര്‍ഗത്തില്‍ 20 മുതല്‍ 40 വരെയുളള ശ്ലോകങ്ങളില്‍ ദശരഥനും പത്നിമാരും വ്രതനിഷ്ഠരായി ചെയ്ത യാഗയജ്ഞങ്ങളുടെ ഒരുക്കവും ചടങ്ങുകളും പറയുന്നുണ്ട്. അതില്‍ നിന്ന് മൂന്നു ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. ”അതാതു ദേവതയ്ക്കായിട്ടങ്ങു കെട്ടീ പശുക്കളെ\പക്ഷി പാമ്പെന്നിവയേയും വിധിപോലേര്‍പ്പെടുത്തിനാര്‍\ ശാമിത്രത്തില്‍ യഥാശാസ്ത്രമൃഷിമാരേര്‍പ്പെടുത്തിനാര്‍\തുരഗം ജലജന്തുക്കളിത്യാദികളൊക്കെയും\മുന്നൂറു പശുവെത്തത്രകെട്ടീ യൂപങ്ങളില്‍ത്തദാ\അപ്പംക്തിരഥന്റെയശ്വരത്നോത്തമത്തെയും’ (ബാലകാണ്ഡം: സര്‍ഗം 14; ശ്ലോകങ്ങള്‍ 30,31,32; വള്ളത്തോളിന്റെ തര്‍ജമ). ഇവിടെ ജലത്തിലും കരയിലും ആകാശത്തും വിഹരിക്കുന്ന ആമ, ആട്, കുതിര, പക്ഷി, പശുക്കള്‍ എന്നീ ജീവിവര്‍ഗങ്ങളില്‍ നിന്നുള്ള മുന്നൂറു ജീവികളെ അറുത്ത് ഹോമിച്ചു നടത്തിയ യാഗത്തില്‍ നിന്നാണ് ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നാദി ദശരഥപുത്രന്മാരുടെ ജനനത്തിനായുളള അനുഗ്രഹ പായസം ഉണ്ടായതെന്ന് വാല്മീകി വ്യക്തമാക്കുന്നു. യജ്ഞശിഷ്ടം യജ്ഞദീക്ഷിതര്‍ ഭുജിക്കണം, പ്രസാദം കഴിക്കുന്ന പോലെയെങ്കിലും എന്നതു നിയമമാണ്. ഈ നിലയില്‍ എല്ലാ മൃഗപക്ഷികളുടെയും ഇറച്ചി, ഋഷിമാരും യാഗയജ്ഞങ്ങളില്‍ പങ്കാളികളായ രാജാവും പത്നിമാരും പരിവാരങ്ങളും ഭുജിച്ചിരിക്കണം. ഇങ്ങനെ ഭുജിച്ച മത്സ്യമാംസങ്ങളില്‍ ഗോമാംസം അഥവാ മാട്ടിറച്ചി ഉള്‍പ്പെട്ടിട്ടുണ്ടാവില്ല എന്ന് തീര്‍ച്ച പറയാനുള്ള സാധ്യതയൊന്നും വാല്മീകിയുടെ പദപ്രയോഗങ്ങളില്‍ ഇല്ല. കാരണം പശു എന്ന വാക്ക് ‘ജീവി, മൃഗം’ എന്നീ പൊതുവായ അര്‍ത്ഥത്തിലും ഗോവ് എന്ന അര്‍ത്ഥത്തിലും വാല്മീകി പ്രയോഗിച്ചിട്ടുണ്ട്.
ഇത് കൂടി വായിക്കൂ: രാമായണം; വായനയും പ്രതി വായനയും
പക്ഷി, പാമ്പ്, തുരഗം, ആമ എന്നീ ജീവികള്‍ക്കൊപ്പം പശുക്കളെയും യജ്ഞയൂപത്തില്‍ കെട്ടി ബലിയര്‍പ്പണത്തിന് എന്ന പരാമര്‍ശത്തില്‍ ‘പശു’ പ്രയോഗത്തിന് ജീവി എന്ന പൊതു അര്‍ത്ഥത്തെക്കാള്‍ സവിശേഷമായ അര്‍ത്ഥവിവക്ഷകളുണ്ട്. അതിനാല്‍ പുത്രകാമേഷ്ടിയിലെ മുന്നൂറ് ബലിമൃഗങ്ങളായ പശുക്കളില്‍ ഗോവും ഉണ്ടെന്ന് കരുതുന്നതാകും യുക്തി. എന്തായാലും വാല്മീകി രാമായണത്തിലെ കഥാപാത്രങ്ങളായ ഋഷിമാരും രാജാക്കന്മാരും രാജനാരികളും യാഗയജ്ഞങ്ങളും ഒന്നും ഗാന്ധിജിയെപ്പോലെയോ ഗോഡ്സേയെപ്പോലെയോ സസ്യാഹാരമാത്രമായിരുന്നില്ല. അതിനാല്‍ മാംസം ഭുജിക്കുന്ന രാമ‑സീതമാരുടെ രാമായണം വായിക്കാന്‍ മത്സ്യമാംസം കഴിക്കരുതെന്ന വിലക്ക് രാമായണത്തിന്റെ ഭക്ഷണ സംസ്കാരത്തിന് വിരുദ്ധമാണ്; ആ നിലയില്‍ രാമായണനിന്ദനവുമാണ്.