2 March 2024, Saturday

രാമായണം; വായനയും പ്രതി വായനയും

പന്ന്യൻ രവീന്ദ്രൻ
July 23, 2023 7:30 am

പ്രകൃതി കലുഷിതഭാവം പ്രകടിപ്പിക്കുന്ന കർക്കിടകമാസം വറുതിയുടെ പഞ്ഞമാസമായിട്ടാണ് പഴമക്കാർ കരുതിയത്. കർക്കിടകത്തിന്റെ ദുരിതത്തിൽ നിന്ന് മുക്തിയെന്നത് വളരെ പ്രയാസകരമായിരുന്നു. വർഷം മുഴുവൻ ഭക്ഷണത്തിനായി കരുതി വച്ച ധാന്യങ്ങളെല്ലാം കഴിഞ്ഞ്, പത്തായപ്പുരകൾ ശൂന്യമാകുന്ന മാസമാണ് കർക്കിടകം. കഠിനമായ ജീവിതപ്രയാസത്തിനിടയിൽ നിന്നുള്ള മോചനത്തിന് വേണ്ടി പഴയകാരണവന്മാർ കണ്ടുവച്ച മോചനോപാധിയാണ് രാമായണപാരായണം. 

കർക്കിടകം ഒന്നുമുതൽ എല്ലാദിവസവും ഈണത്തിൽ പാടുന്ന സ്ത്രീപുരുഷന്മാർ അനേകമാണ്. സന്ധ്യാനേരത്ത് വിളക്ക് കൊളുത്തിവച്ച് രാമായണം പാടുന്നത് പതിവ് രീതിയാണ്. ഹൈന്ദവ കുടുംബങ്ങളെപ്പോലെ മുസ്ലിം കുടുംബങ്ങളിലും രാമായണപാരായണം നടത്താറുണ്ട്. ഹിന്ദു ഭവനങ്ങളിൽ എഴുത്തച്ചന്റെ അധ്യാത്മരാമായണമാണ് പാരായണം ചെയ്യുന്നതെങ്കിൽ മുസ്ലിം ഭവനങ്ങളിൽ അറബ് ലിപിയിലുള്ള രാമായണമെന്ന വ്യത്യാസം മാത്രം. മഹാകവി വള്ളത്തോളിന്റെ, ‘ഒരു തോണിയാത്ര’യിൽ രാമായപാരായണത്തിന്റെ വൈവിധ്യത മനോഹരമായി വിവരിച്ചിട്ടുണ്ട്. തോണിക്കാരൻ ചിമ്മിനി വിളക്കിന്റെ പ്രകാശത്തിൽ രാമായണം വായിച്ച് ആസ്വദിക്കുന്നുവെന്ന നിരീക്ഷണം ഹൃദ്യമാണ്. 

കാവ്യം സുഗേയം കഥ രാഘവീയം,
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദ ലബ്ധിക്കിനിയെന്തു വേണം

മഹാകവിയുടെ വരികളിൽ നിറഞ്ഞുനിൽക്കുന്ന ആനന്ദാനുഭൂതി നിർവചനാതീതമാണ്. സന്ധ്യാ നേരത്ത് തോണി കരക്കടുപ്പിച്ചാണ് രാമായണപാരായണം നടത്തുന്നത്. ‘പാട്ടുകേട്ട് സ്തംഭിച്ചു നിന്നു നിവിദാരകങ്ങൾ’, എന്ന് വിവരിച്ചു കവിതുടരുകയാണ്. ‘ഓളങ്ങളാകുന്ന കരങ്ങൾ കൊണ്ട് താളം പിടിച്ച് നദി മെല്ലെ മെല്ലെ…’ പ്രകൃതിപോലും രാമായണപാരായണം ആസ്വദിച്ചു പോയെന്ന് കവി തുറന്നെഴുതുകയാണ്. ആത്മീയതയുടെയും ഭൗതികതയുടെയും തർക്കങ്ങളുടെ ഭാഗമാകാതെ രാമായണം വായിച്ചു ആസ്വദിക്കാവുന്നതാണ്. ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനും രാവണനും രാമായണത്തിലെ മുഖ്യ കഥാപാത്രങ്ങളാണ്. അതോടൊപ്പം കൈകേയിയും മന്ഥരയും ദശര മഹാരാജാവും രത്നാകരൻ എന്ന വാല്മീകിയും രാമായണത്തിന്റെ അകത്തളങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
രാമായണ മഹാകാവ്യം മതഗ്രന്ഥമല്ല, അങ്ങനെ ചിലർ പറഞ്ഞു നടക്കുന്നത് അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. കാരണം രാമായണ രചനാ കാലത്ത് മതങ്ങളൊന്നും പിറന്നുവീണിട്ടുണ്ടായിരുന്നില്ല. രാമായണം രചിച്ചത് ത്രേതായുഗത്തിലാണ്. യുഗങ്ങൾ തമ്മിലുള്ള അകലത്തിന് തന്നെ ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ടെന്നാണ് ജ്ഞാനികൾ രേഖപ്പെടുത്തിയത്.
മനുഷ്യരാശിയുടെ ജനനത്തിന് അഞ്ചു ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നരവംശശാസ്ത്രം വ്യക്തമാക്കുന്നത്. രാമായണത്തിനുള്ള പ്രത്യേകത മറ്റൊരു കാവ്യത്തിനും ലഭിച്ചില്ല. ദൈവവിശ്വാസികൾക്ക് അവതാരബലത്തിൽ രാമനെ ദൈവമായും നിരീശ്വരവാദികൾക്ക് അധർമ്മത്തെ നേരിട്ട് വിജയം വരിച്ച ധീരയോദ്ധാവായും രാമനെ നിരീക്ഷിക്കാം. രാമന് എല്ലാവിഭാഗം ജനങ്ങളിലും പ്രത്യേകമായ സ്ഥാനമുണ്ട്. ആദികാവ്യമായ രാമായണം ഭാരതത്തിലെ മുഴുവൻ ജനങ്ങളുടെയും സ്വകാര്യ അഹങ്കാരമാണ്. ലോകത്തിൽ ഒരു രാജ്യക്കാർക്കും ലഭിക്കാത്ത അപൂർവ ബഹുമതി. കമ്മ്യൂണിസ്റ്റ് നേതാവായ മുൻ മുഖ്യമന്ത്രി സി അച്ച്യുതമേനോൻ രാമായണത്തെകുറിച്ച് പറഞ്ഞ അഭിപ്രായത്തിന്

ഏറെ പ്രാധാന്യമുണ്ട്. ‘ഒരു കാവ്യം എന്ന നിലവിട്ട് രാമായണ കഥയുടെ സ്വഭാവം ഓർത്താലും അതിനൊരു പ്രത്യേക വശ്യതയുണ്ടെന്ന് സമ്മതിക്കേണ്ടിവരും. രാമാനന്ദ സാഗറിന്റെ രാമായണം ടിവിയിൽ സംപ്രേഷണം തുടങ്ങിയപ്പോൾ അത് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു. കഥയിൽ എന്തെല്ലാം വൈകല്യങ്ങൾ ഉണ്ടായിട്ടും ലക്ഷക്കണക്കിന് പ്രേക്ഷകർ ഇഷ്ടപ്പെടണമെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കണമല്ലോ. അത് രാമകഥയുടെ ആകർഷകമാണെന്ന് എനിക്ക് തോന്നുന്നു. നൂറ്റാണ്ടുകളായി മനസിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന കഥയാണിത്. എഴുതപ്പെടാത്ത കഥയുടെ രൂപത്തിൽ ആ കഥ അതിന് മുൻപും ഭാരതമൊട്ടാകെ പ്രചരിച്ചിരുന്നതായാണ് പറയപ്പെടുന്നത്.
തലമുറകളായി നീണ്ടു നിന്നിരുന്ന ഈ ആകർഷണത്തിന്റെ കാരണമെന്താണ്?
അതെന്തെന്ന് ടാഗോർ സൂചിപ്പിരുന്നു. ഗാർഹസ്ഥ്യ ജീവിതത്തിന്റെ വികാരഭരിതവും യഥാർത്ഥവുമായ ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് രാമായണം എന്നാണ് അദ്ദേഹം പറഞ്ഞത്. രാമകഥയുടെ മാഹാത്മ്യം പലരും പലവിധത്തിലാണ് സൂചിപ്പിച്ചിരിക്കുന്നത്. രാമനിലൂടെ വാല്മീകി ഒരു ആദർശ രാജാവിനെ സൃഷ്ടിച്ചിരിക്കുന്നതായി ചിലർ കാണുന്നു. ഒരു സത്യത്തെ സംരക്ഷിക്കാൻ വേണ്ടി സിംഹാസനം പോലും തൃണതുല്യം ത്യജിക്കാനും പതിനാലുവർഷം ക്ലേശഭൂയിഷ്ഠമായ കാനന വാസം വരിക്കാനും തയ്യാറായ രാജാവ്. തന്റെ ഭരണത്തിൽ കളങ്കം ലേശംപോലും ഇല്ലാതാക്കാൻ വേണ്ടി താൻ പ്രാണനുതുല്യം സ്നേഹിച്ച പ്രിയ പത്നിയെപോലും കാട്ടിലുപേക്ഷിക്കാൻ തയ്യാറായ ഭരണാധികാരി എന്നീ നിലകളിൽ അവർ രാമനിൽ ആദർശവാനായ ഭരണാധികാരിയെ കാണുന്നു. വിവാദത്തിനുള്ള പലതും അത്തരം വീക്ഷണത്തിലുണ്ട്. 

വാസ്തവത്തിൽ ടാഗോർ പറഞ്ഞതാണ് കാര്യം. ഹൃദയോദ്ഗതിയായ കുടുംബകഥയാണ് രാമായണം എന്നത്രെ അതിന്റെ മേന്മ. രാമായണ കഥയ്ക്ക് ശാശ്വത പ്രശസ്തി നേടിക്കൊടുത്തതും അത് തന്നെ. രാമായണ കഥയ്ക്കുള്ള മർമ്മ സ്പർശിയായ അംശം സീതാ ബന്ധമാണ്. പരസ്പര പ്രേമത്തിന്റെ ദിവ്യപ്രഭയിൽ പ്രോജ്ജ്വലിതമെങ്കിലും അതിനകത്ത് പോലും സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നിരുന്ന അവർണനീയമായ പ്രീണനത്തിന്റെയും ദുഃഖത്തിന്റെയും കഥയാണ് സീത. എല്ലാകാലത്തും ദുഃഖപുത്രിയാണ് സീത. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും അതുകൊണ്ടാണ് സീതയുടെ കഥയ്ക്ക് പ്രശസ്തി നശിക്കാത്തത്.
സീതാദുഃഖം പാടുകയെന്നത് കേരളത്തിൽ മുൻപ് ഒരുകാലത്ത് ഒരു പതിവുണ്ടായിരുന്നു. സീതാദുഃഖം എന്ന പേരിൽ ഏതോ ഒരു കവി രചിച്ച പാട്ടാണത്. സ്ത്രീകൾ ഉച്ച ഊണുകഴിഞ്ഞ് ഗൃഹജോലികളിൽ നിന്നും മുക്തിനേടി കുറെ സമയം വിശ്രമിക്കാൻ അവസരം കിട്ടുമ്പോൾ തളത്തിൽ കൂടിയിരുന്നു സീതാദുഃഖം പാടിയിട്ടോ വായിച്ചു കേട്ടോ കൂട്ടത്തോടെ കരയുന്ന ഒരേർപ്പാട് തന്റെ ബാല്യകാലത്തിൽ അനവധി തവണ കാണാനിടയായെന്ന് ഇ വി കൃഷ്ണപിള്ള ‘ബാല്യകാലസ്മരണ’കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിച്ചപ്പോൾ എനിക്ക് അശേഷം അതിശയം തോന്നിയില്ല. കാരണം നേരത്തെ പറഞ്ഞതു പോലെ നമ്മുടെ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കൊണ്ട് മാത്രമല്ല. സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ദാസ്യത്തിന്റെയും പീഡനത്തിന്റെയും ദുഃഖത്തിന്റെയും കഥയാണ് സീതയുടെ കഥ. മേൽപ്പറഞ്ഞ എല്ലാ കാരണങ്ങളും കൊണ്ടാണ് അധ്യാത്മ രാമായണം എനിക്കേറ്റവും പഥ്യമായ ഗ്രന്ഥമായത് (സി അച്യുതമേനോൻ, തിരഞ്ഞെടുത്ത കൃതികൾ ഭാഗം അഞ്ച്).
ഒരു കാലത്ത് കേരളത്തിൽ രാവിലെയോ സന്ധ്യക്കോ രാമായണം വായിക്കാത്ത വീടുകൾ വിരളമായിരുന്നു. ചെറുതോ വലുതോ എന്ന ഭേദമില്ലാതെ അക്ഷരശുദ്ധിയോടെ രാമായണം വായിച്ചു സരസമായും സുന്ദരമായും സംസാരിക്കാൻ കേരളീയർ പഠിച്ചതും അക്ഷര ശുദ്ധി കൈവരിച്ചതും അതുകൊണ്ടാണെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്. അഭീഷ്ട സിദ്ധിക്കു വേണ്ടി രാമായണം വായിക്കുന്നതും ഗ്രന്ഥം പകുത്തുവച്ചു ഭാവിഫലം നിശ്ചയിക്കലും പഴയകാലത്ത് നടന്നതായി പറയപ്പെടുന്നു. രാമായണകർത്താവായ വാല്മീകിയെ സങ്കൽപ്പിച്ചു ‘ശ്രീ വാല്മീകി മഹർഷായെ നമഃ’ എന്നും തുടർന്ന് രാമഭക്തനായ ഹനുമാനെ മനസിൽ ഓർമിപ്പിച്ചു കൊണ്ട് ‘ശ്രീ ആഞ്ജനേയ നമഃ’ എന്നും ജപിക്കണമെന്നാണ് പഴയകാലത്തെ രീതിയെന്ന് വിശ്വസിക്കുന്നു.
രാമായണ കാവ്യം രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ശക്തമായ സ്വധീനം ചെലുത്തിയിട്ടുണ്ടെന്ന് പല സംഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 1915ലാണ് ഗാന്ധി കോൺഗ്രസിൽ സജീവമാകുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമരത്തിൽ സത്യഗ്രഹം എന്ന സമരരീതി നടപ്പിലാക്കിയപ്പോൾ ഗാന്ധിക്ക് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഗാന്ധിയുടെ സമരമാർഗം ലോകം മുഴുവൻ ചർച്ചയായി. അതോടെ ഗാന്ധിയുടെ പ്രശസ്തിയും വർധിച്ചു. തികഞ്ഞ ദൈവവിശ്വാസിയായ ഗാന്ധി ഹൈന്ദവവിശ്വാസത്തിൽ അടിയുറച്ചു നിന്നു. എന്നാൽ എല്ലാ മതസ്ഥരുടെയും സമഭാവനയോടെയുള്ള ഇന്ത്യക്ക് വേണ്ടി അദ്ദേഹം പോരാടി രക്തസാക്ഷിയായി. 

ഗാന്ധിജിയുടെ മുദ്രാവാക്യം രാമരാജ്യമായിരുന്നു. അദ്ദേഹം പറഞ്ഞു, ‘പട്ടിണിപ്പാവങ്ങൾക്ക് പോലും ഇത് എന്റെ നാടാണെന്ന് ബോധ്യമുണ്ടാകുന്ന ഒരിന്ത്യക്ക് വേണ്ടിയാണ് നാം യത്നിക്കേണ്ടത്. ഈ നാട് പടുത്തുയർത്തുന്നതിൽ അവർക്ക് കൂടി സജീവ പങ്കാളിത്തമുണ്ടാകണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇന്ത്യയിൽ താഴ്ന്നവനെന്നോ ഉയർന്നവനെന്നോ ഭേദമുണ്ടാകില്ല. സമുദായങ്ങൾ തമ്മിൽ വൈജാത്യമുണ്ടാകില്ല, അവിടെ ഭിന്നതയില്ല. അപകടകരമായ മാത്സര്യം ഇല്ല. അയിത്താചരണത്തിന് സ്ഥാനമുണ്ടാകില്ല. എല്ലാവരും ഒരേ മാതാവിന്റെ സന്തതികൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം, തുല്യ പ്രാതിനിധ്യം. ഹിന്ദുവിനും അഹിന്ദുവിനും തുല്യ പങ്കാളിത്തം. എന്റെ സങ്കല്പത്തിലുള്ളത് രാമരാജ്യമാണ്. തുല്യനീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം, ഇതാണ് എന്റെ സങ്കല്പത്തിലുള്ള ഇന്ത്യ.’ ഗാന്ധിയുടെ ജീവിതത്തെകുറിച്ചു പഠിക്കുമ്പോൾ ഒരു കാര്യം ബോധ്യമാകും, അദ്ദേഹം 13-ാം വയസിലാണ് രാമായണം വായിക്കുന്നത്. രാമായണ കഥ ഗാന്ധിജിയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. 1915ലാണ് ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്നും ബാരിസ്റ്റർ ആയി ഇന്ത്യയിലെത്തിയത്. കോൺഗ്രസിൽ സജീവമാകുന്നതിന് തൊട്ടു മുൻപ് ഗാന്ധി ഇന്ത്യൻ ഗ്രാമങ്ങളിൽ ചെന്നു. അവിടത്തെ പട്ടിണിയും ദയനീയ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്വാധീനിച്ചു. നാണം മറയ്ക്കാൻ തുണിയില്ലാതെ ജീവിക്കുന്ന പാവങ്ങളായ അവരെ കണ്ട് ഗാന്ധി വിതുമ്പിപ്പോയി. അന്നാണ് ബാരിസ്റ്റർ ഗാന്ധി ഒറ്റ മുണ്ടും തോർത്തുമായി അവരുടെ തോഴനായി മാറിയത്. അദ്ദേഹം ഉറച്ചു പറഞ്ഞു, നമുക്ക് രാമരാജ്യം വേണമെന്ന്.
മഹാത്മാഗാന്ധിയെ തോക്കിനിരയാക്കിയ ഗോഡ്സെ പറഞ്ഞത്, ഹിന്ദുവിന് വേണ്ടി ഗാന്ധിയെ കൊന്നുവെന്നാണ്. അത് മറ്റൊരു കഥ. ഇന്ത്യൻ ജനങ്ങളുടെ മനസ് പഠിച്ച നേതാവാണ് മഹാത്മാഗാന്ധി. ഇന്ത്യയിലെ ജനകോടികൾക്ക് അക്ഷരജ്ഞാനമില്ലെങ്കിലും രാമനെ അറിയാം. ഗാന്ധിയുടെ രാമരാജ്യം വളരെ പെട്ടെന്ന് ജനങ്ങൾ ഉൾക്കൊണ്ടു. കാരണം രാമനെ അവർക്കറിയാം. എഴുത്തും വായനയും അറിയാത്ത പാവങ്ങളെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താൻ ദീർഘദർശിത്വമുള്ള ഗാന്ധിയുടെ ആ ഇടപെടൽ തന്നെയാണ് കാരണമായത്. എഴുത്തും വായനയും അറിയാത്ത ജനകോടികളിൽ മഹാഭൂരിപക്ഷവും ദൈവവിശ്വസികളാണ്. രാമനാണ് അവരുടെ സന്ധ്യാ നാമ പ്രതിജ്ഞ. അതുകൊണ്ട് രാമരാജ്യം എന്ന മുദ്രാവാക്യത്തിൽ ഇന്ത്യൻ ജനങ്ങളെ യോജിപ്പിക്കുവാൻ ഗാന്ധിയുടെ അനുഭവസമ്പത്തും നേതാവിന്റെ ദീർഘവീക്ഷണമുള്ള നേതൃപാടവവും കാരണമായി. കോൺഗ്രസ് ഇന്ത്യൻ ഹൃദയത്തിൽ കുടിയേറിയത് ഗാന്ധിയുടെ രാമരാജ്യത്തിലൂടെയാണ്.
കേരളത്തിൽ വീടുകളിൽ സന്ധ്യാനേരങ്ങളിൽ പാടുന്ന രാമായണം എഴുത്തച്ചന്റെ അധ്യാത്മ രാമായണമാണ്. രാമായണ കാവ്യം ലോകത്തിന്റെ പലഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ആദികാവ്യമായ രാമായണത്തിന്റെ രചയിതാവായ വാല്മീകി കൊള്ളയും കവർച്ചയും നടത്തിയിരുന്ന ആളായിരുന്നു. സപ്തർഷികളായ മഹർഷിമാരെ കൊള്ളയടിച്ചതോടെ അവരുടെ ഉപദേശത്തിൽനിന്ന് കവർച്ച പാപമാണെന്ന സത്യം മനസിലാക്കിയ രത്നാകരൻ, രാമനെ ധ്യാനിച്ച് ആറായിരം വർഷം തപസിരുന്ന് മൺപുറ്റായി മാറി. അതിൽനിന്നു മോചനം നേടിയാണ് മഹർഷിയായി പുറത്ത് വന്നത്. സന്യാസജീവിതത്തിലെത്തിയ അദ്ദേഹം ആദ്യം കണ്ടത്, ഒരു മരക്കൊമ്പിൽ പ്രണയിച്ചു സല്ലപിക്കുന്ന ഇണക്കുരുവികളിൽ ഒന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാട്ടാളനെയാണ്. ‘മാ നിഷാദ’ എന്നുതുടങ്ങുന്ന കാവ്യത്താൽ അദ്ദേഹം കവിയായതിനും അത് നിമിത്തമായി. തുടർന്ന് രാമായണ കാവ്യത്തോടെ വിശ്വമഹാകവിയായി.
മലയാളത്തിൽ, എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ് ഏറ്റവും മുന്നിലുള്ളത്. വാല്മീകിയുടെ രാമായണത്തിന്റെ അന്തസത്ത ചോർന്നു പോകാതെയാണ് എഴുത്തച്ഛൻ രാമായണ പരിഭാഷനടത്തിയത്. തമിഴിലുള്ള കമ്പരാമായണവും തുടങ്ങി മുന്നൂറ്റി ഇരുപത്തിമൂന്നോളം രാമായണം ലോകമാകെ പ്രചരിച്ചിട്ടുണ്ട്. മലയാളത്തിൽ രാമായണകഥയുടെ ഭാഗമായി നിരവധി അനുബന്ധ പ്രസിദ്ധീകരണങ്ങൾ പ്രചാരത്തിലുണ്ട്. രാമായണത്തിന്റെ പരന്നവായന പലകാര്യങ്ങളിലും വ്യക്തമായ നിലപാടെടുക്കുവാൻ സഹായകമാകും. 

സീതയുടെ കാര്യത്തിൽ എന്നും പ്രസക്തമായത് സ്ത്രീപക്ഷ നിലപാടുകൾ തന്നെയാണ്. സീതയെ രാവണൻ തന്ത്രത്തിൽ മാരീചനെ വിട്ട് മോഷ്ടിച്ചു കൊണ്ടുപോയി ഏഴുമാസക്കാലമാണ് അശോകവനത്തിൽ രാക്ഷസിപ്പടയുടെ തടവിൽ പാർപ്പിച്ചത്. പക്ഷിരാജനിൽ നിന്ന് രഹസ്യം മനസിലാക്കിയ ഹനുമാൻ സീതയെ കാണുന്നു. അടയാളമായ മുദ്രമോതിരം കാട്ടി സീതയുമായി സംസാരിച്ച് ഹനുമാൻ പറഞ്ഞു, ‘ഭവതി എന്റെ തോളിൽ കയറിയിരിക്കൂ ഞാൻ അയോധ്യയിൽ പെട്ടെന്ന് എത്തിക്കാം’. ഇത്രയും ദീർഘനാൾ ഭർത്താവിന്റെ സവിധത്തിൽ നിന്നും വിട്ടുനിന്ന ഒരു സ്ത്രീയുടെ മനസ് എങ്ങനെയിരിക്കും. എങ്ങനെയും അയോധ്യയിലെത്താൻ വന്നുചേർന്ന അവസരം ഉപയോഗിക്കാമെന്നല്ലെ. എന്നാൽ, സീതയുടെ മറുപടി വ്യത്യസ്തമായിരുന്നു. സീത പറഞ്ഞു, ‘അപ്പോൾ രാവണൻ എന്നെ ഇവിടെ കട്ടുകൊണ്ട് വന്നു, നമ്മൾ തിരിച്ചു കട്ടുകൊണ്ട് പോകുക. ഒരു മോഷണത്തിന് പകരം മറ്റൊരു മോഷണം നടത്തുന്നത് എന്ത് ധർമ്മമാണ്?’ സീതയുടെ ജീവിതം വരച്ചു കാട്ടുന്നതിൽ വാല്മീകി കാണിച്ച ഈ കൃത്യത ലോകോത്തരമാണ്.
ജീവിതം സത്യധർമ്മാദികളിൽ നിയതമായിരിക്കണമെന്നും നേരിന്റെ വഴി മാത്രമാണ് ധാർമ്മികതയെന്നും രാമായണം ഉറപ്പിക്കുകയാണ്. വാല്മീകി രാമായണത്തിന്റെ പദാനുപദ പരിഭാഷയ്ക്ക് പകരം സ്വതന്ത്ര പരിഭാഷയാണ് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് എന്നാണ് സി വി കുഞ്ഞിരാമന്റെ അഭിപ്രായം. വാല്മീകി രാമായണം എന്ന ഗദ്യത്തിൽ അദ്ദേഹം അത് സൂചിപ്പിക്കുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.