സിപിഐ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 26ന് തെലങ്കാനയിലെ ഖമ്മത്ത് ലക്ഷം പേരുടെ റാലിയോടെ സമാപനമാകും.
1925 ഡിസംബര്‍ 26ന് പാര്‍ട്ടി രൂപീകരണ സമ്മേളനം നടന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു ശതാബ്ദി ആഘോഷത്തിന് തുടക്കമായത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഖമ്മത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവ റാവു എംഎല്‍എ അധ്യക്ഷനായി. മുതിർന്ന നേതാവും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനുമായ ഡോ. കെ. നാരായണ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം പല്ല വെങ്കട്ട് റെഡ്ഡി, സയ്യിദ് അസീസ് പാഷ, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ദേശീയ എക്സിക്യൂട്ടീവ് അംഗം ടി എം മൂർത്തി (തമിഴ്‌നാട്), പി നാഗേശ്വര റാവു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ടി ശ്രീനിവാസ് റാവു, ഇ ടി നരസിംഹ, എഐകെഎസ് ജനറൽ സെക്രട്ടറി റാവുള വെങ്കയ്യ, എ വനജ, തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഷിക സമാപനത്തിന്റെ ഭാഗമായി ജാഥകൾ, സാംസ്കാരിക പരിപാടികൾ, 100 വർഷ ചരിത്രം ഉള്‍ക്കൊള്ളിച്ച ഫോട്ടോ പ്രദർശനം എന്നിവയും സംഘടിപ്പിക്കും.
സിപിഐ 100-ാം വാര്‍ഷികം; ഡിസംബര്‍ 26ന് ഖമ്മത്ത് വന്‍ റാലിയോടെ സമാപനം

