സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഢിൽ 2025 സെപ്റ്റം ബർ 21 മുതൽ 25 വരെ നടക്കും. ഡൽഹി യിൽ ചേർന്ന ദേശീയ കൗൺസിൽ യോ ഗമാണ് തീരുമാനമെടുത്തത്. ബ്രാഞ്ച് സമ്മേളനങ്ങൾ ജനുവരിയിൽ ആരംഭിക്കും. സംസ്ഥാന സമ്മേളനങ്ങൾ ഓഗസ്റ്റോടെ പൂർ ത്തിയാകും. പാർട്ടി കോൺഗ്രസും നൂറാം സ്ഥാപകവർഷ ആഘോഷപരിപാടികളും വൻ വിജയമാക്കാനും ആവേശത്തോ ടും നിശ്ചയദാർഢ്യത്തോടും കൂടി പാർട്ടിയെ പുനർനിർമ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
ചണ്ഡീഗഢിൽ രണ്ടാം തവണയാണ് സിപിഐ പാർട്ടി കോൺഗ്രസ് ചേരുന്നത്. 2005 മാർച്ച് 29 മുതൽ ഏപ്രിൽ മൂന്ന് വരെ 19-ാം പാർട്ടി കോൺഗ്രസാ ണ് മുമ്പ് ഇവിടെ ചേർന്നത്. പഞ്ചാബിലെ അമൃത്സർ 1958 ഏപ്രിൽ ആറുമുതൽ 13 വരെ അഞ്ചാം പാർട്ടി കോൺഗ്ര സിനും ഭട്ടിൻഡ 1978 മാർച്ച് 31 മുതൽ ഏപ്രിൽ ഏഴ് വരെ 11-ാമത് പാർട്ടി കോൺഗ്രസി നും വേദിയായിരുന്നു.
പാർട്ടിയുടെ ശതാബ്ദി ആഘോഷം ഈ മാസം 26ന് ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ റാലിയോടെ തുടക്കം കുറിക്കും. 2025 ഡിസംബർ 26ന് തെലങ്കാനയിലെ ഖമ്മത്ത് ആഘോഷങ്ങളുടെ സമാപനറാലിയും പൊതുയോഗവും നടക്കും. ശതാബ്ദി വർഷാഘോഷത്തിന്റെ ലോഗോ ജനറൽ സെക്രട്ടറി ഡി രാജ പ്രകാശനം ചെയ്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ‑സാമ്പത്തിക വികസന റിപ്പോർട്ടും മാർഗരേഖയും ഡി രാജ അവതരിപ്പിച്ചു. 50 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു തോമസ് ചർ ച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഉത്തർപ്രദേശിലെ സംഭാലിൽ ഹിന്ദുത്വ ശക്തികൾ അഴിച്ചുവിട്ട വർഗീയ അക്രമത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളെ ചെറുക്കാൻ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചുനിൽക്കണമെന്ന് ദേശീയ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു.