Site iconSite icon Janayugom Online

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിപിഐ ജില്ലാ സമ്മേളനത്തിന് ഭരണിക്കാവില്‍ ഉജ്വല തുടക്കം. പുതുപ്പള്ളി രാഘവന്‍ സ്മൃതി മണ്ഡപത്തിൽ നിന്നും പതാക ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ‌്മോനും വള്ളികുന്നം സി കെ കുഞ്ഞുരാമന്‍ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖാ പ്രയാണം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷും മാവേലിക്കര എസ് കരുണാകരക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ കൊടിമരജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ ഷാജാഹനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ കോയിക്കൽ ചന്തയിൽ സംഗമിച്ചു. തുടര്‍ന്ന് റെഡ് വോളണ്ടിയര്‍ പരേഡും വിളംബരഘോഷയാത്രയും ആരംഭിച്ചു. 

സമ്മേളന നഗറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പതാകയും എസ് സോളമൻ ദീപശിഖയും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് രവി കൊടിമരവും ഏറ്റുവാങ്ങി. മൂന്നാംകുറ്റി ജങ്ഷനിൽ ശതാബ്ദി ആഘോഷ സാംസ്കാരിക സദസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദിയില്‍ എൻ സുകുമാരപിള്ള പതാക ഉയർത്തി. പി കെ ജനാർദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാംകുറ്റി സിഎഎം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എസ് സോളമൻ സ്വാഗതം പറയും. ദേശീയ എക്സിക്യൂട്ടീവ്‌ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, കെ കെ അഷറഫ് തുടങ്ങിയവർ സംസാരിക്കും. നാളെയും പ്രതിനിധി സമ്മേളനം തുടരും.

Exit mobile version