Site iconSite icon Janayugom Online

സിപിഐ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം

ഒരു വർഷം നീണ്ടുനിൽക്കുന്ന സിപിഐ നൂറാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. 1925 ഡിസംബർ 26ന് സിപിഐ സ്ഥാപക സമ്മേളനം നടന്ന കാൺപൂരിൽ ഖലാസി ലൈനിലെ ശാസ്ത്രി ഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപിന്റെ അധ്യക്ഷതയിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജീത് കൗർ, ഗിരീഷ് ചന്ദ്ര ശർമ്മ തുടങ്ങിയവർ സംസാരിച്ചു.

ഡൽഹിയിൽ പാർട്ടി ആസ്ഥാനമായ അജോയ് ഭവന് മുന്നിൽ രാവിലെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ വിവേക് ശ്രീവാസ്തവ, ഹൈദർ അൻസാരി തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറാം വാർഷികാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് പരിപാടികൾ നടന്നു. നൂറുകണക്കിന് ജില്ലാ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് ബ്രാഞ്ച് അടിസ്ഥാനത്തിലും പ്രകടനങ്ങൾ, പതാക ഉയർത്തൽ, പൊതുയോഗങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 

കർണാടക സംസ്ഥാന കമ്മിറ്റി ആഘോഷ പരിപാടികളിൽ ഉയർത്തേണ്ട പതാക കയ്യൂർ ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽനിന്നാണ് കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ കയ്യൂരിലെ ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽ മുതിർന്ന സിപിഐ നേതാവ് പി എ നായർ കർണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശിന് പതാക കൈമാറി. മുൻ സംസ്ഥാന സെക്രട്ടറിയും ആഘോഷ കമ്മിറ്റി ചെയർമാനുമായ ഡോ. ജി രാമകൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിച്ചുവരുന്ന പട്ടം പി എസ് സ്മാരകത്തില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പതാക ഉയർത്തി. നേതാക്കളായ കെ പി രാജേന്ദ്രൻ, പി പി സുനീർ, ഇ ചന്ദ്രശേഖരൻ, ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version