Site iconSite icon Janayugom Online

സിപിഐ ഭരണഘടന സംരക്ഷണ ദിനാചരണം: പരമോന്നത നീതിപീഠത്തെയും വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു: കെ പ്രകാശ് ബാബു

K PrakashbabuK Prakashbabu

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവസാന പ്രതീക്ഷയായ പരമോന്നത നീതിപീഠത്തെയും വരുതിയിലാക്കി ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ എക്സി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണദിനാചരണത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെയും ജഡ്ജിമാരെയും നിയമിക്കാനുള്ള അവകാശം പാര്‍ലമെന്റിന് നല്‍കണമെന്ന ഉപരാഷ്ട്രപതിയുടെയും കേന്ദ്ര നിയമമന്ത്രിയുടെയും ആവശ്യം ഇതാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ വരുന്നത് തടയാനാണ് പുതിയ ശ്രമം. സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിനെ ചീഫ് ജസ്റ്റീസായി നിയമിക്കുന്ന, കാലങ്ങളായുള്ള കീഴ്വഴക്കം അട്ടമറിക്കാനാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നത്. 

ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന നിലവിലെ കൊളീജിയന്‍ സംവിധാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. അ‌ഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കൊളീജിയത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം നല്‍കിയ ജഡ്ജിമാരെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ഐബിയും റോയും പരസ്യപ്പെടുത്തിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. കൊളീജിയന്‍ സിസ്റ്റത്തെ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മീഷന്‍ എന്ന സംവിധാനത്തിന് ഭരണഘടന ഭേദഗതിയിലൂടെ ബിജെപി രൂപം നല്‍കി. 17 സംസ്ഥാനങ്ങളുടെ പിന്തുണയും ഇതിനായി നേടി. എന്നാല്‍ ഈ നിയമ ഭേദഗതിക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഭരണഘടന ബഞ്ച് നിയമം റദ്ദ് ചെയ്യുകയായിരുന്നു. രാജ്യം നിലനില്‍ക്കുന്നത് ഭരണഘടനയുടെ ബലത്തിലാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലാണ് ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നിര്‍മ്മിച്ച ഭരണഘടയാണ് നമ്മുടേത്. എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുന്ന ഭരണ സംവിധാനങ്ങളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. തുല്യതയാണ് അതിന്റെ മുഖമുദ്ര. പൗരന്റെ മൗലിക അവകാശങ്ങള്‍ രേഖപ്പെടുത്തുന്ന ആമുഖം തിരുത്താന്‍ മുമ്പും ശ്രമം നടന്നെങ്കിലും ആമുഖം തിരുത്താന്‍ കഴിയില്ലായെന്ന സുപ്രീം കോടതിയുടെ ഖണ്ഡിക്കാനാകാത്ത ഉത്തരവ് വന്നതോടെയാണ് അത്തരം ശ്രമങ്ങള്‍ അവസാനിച്ചത്. ഈ ഭരണഘടയുടെ ആമുഖം പൊളിച്ചെഴുതി ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തുന്നത്. 

പാര്‍ലമെന്ററി ജനാധിപത്യം ഉപേക്ഷിച്ച് പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനാണ് ബിജെപിയുടെ ലക്ഷ്യം. മതേതര രാജ്യത്ത് ഭരണത്തെ സ്വാധീനിക്കാന്‍ മതത്തെ ഉപയോഗിക്കരുത് എന്ന അടിസ്ഥാന തത്വം നിരന്തരമായി ലംഘിക്കുകയാണ് സംഘപരിവാര്‍. പട്ടികജാതി — ന്യൂനപക്ഷ വിഭാഗങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്ന ഗൂഢലക്ഷമാണ് ഇതിന്റെയെല്ലാം പിന്നില്‍. പൗരാവകാശം ഉറപ്പു വരുത്തുന്ന നമ്മുടെ ഭരണഘടന വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ അതിനെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവരും ഏറ്റെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരന്‍ വിഷയാവതരണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ആര്‍ ഗോപിനാഥന്‍, ഡി സജി, ജില്ലാ അസ്സി സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാര്‍, എക്സി അംഗങ്ങളായ അടൂര്‍ സേതു, വി കെ പുരുഷോത്തമന്‍പിള്ള, അഡ്വ ശരത്ചന്ദ്രകുമാര്‍, കുറുമ്പകര രാമകൃഷ്ണന്‍, എം പി മണിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: CPI Con­sti­tu­tion Day Cel­e­bra­tions: Cen­tral Govt Try­ing To Make Apex Court Too: K Prakash Babu

You may also like this video

Exit mobile version