Site iconSite icon Janayugom Online

സിപിഐ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് മുതല്‍

ചണ്ഡീഗഢില്‍ നടക്കുന്ന സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍ ജില്ലാ സമ്മേളനം ഇന്ന് മുതല്‍ 29വരെ ഭരണിക്കാവിലാണ്. പകൽ രണ്ടിന് പുതുപ്പള്ളി രാഘവന്‍ സ്മൃതി മണ്ഡപത്തിൽ നിന്നും പതാകജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും വള്ളികുന്നം സി കെ കുഞ്ഞുരാമന്‍ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖാ പ്രയാണം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷും മാവേലിക്കര എസ് കരുണാകരക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമരജാഥ സംസ്ഥാന കൗൺസിൽ അംഗം എ ഷാജഹാനും ഉദ്ഘാടനം ചെയ്യും. ജാഥകൾ കോയിക്കൽ ചന്തയിൽ സംഗമിക്കും.

തുടർന്ന് മൂന്നാംകുറ്റിയിലെ കെ ചന്ദ്രനുണ്ണിത്താൻ നഗറിലേക്ക് സാംസ്കാരിക വിളംബരജാഥ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പതാകയും എസ് സോളമൻ ദീപശിഖയും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് രവി കൊടിമരവും ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് മൂന്നാംകുറ്റി ജങ്ഷനിൽ ശതാബ്ദി ആഘോഷ സാംസ്കാരിക സദസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എൻ സുകുമാരപിള്ള പതാക ഉയർത്തും. പി കെ ജനാർദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാംകുറ്റി സിഎഎം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് സമ്മേളനം സമാപിക്കും. 

ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കണ്ണൂരിലും വയനാട് ജില്ലാ സമ്മേളനം ചീരാലിലും നടക്കും. 11, 12, 13 തീയതികളില്‍ വെളളരിക്കുണ്ടില്‍ കാസര്‍കോട്, 10 മുതല്‍ 13 വരെ ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. മറ്റ് ജില്ലകളിലെ തീയതി, സ്ഥലം: ഇടുക്കി ജൂലൈ 17, 18, 19, 20 കട്ടപ്പന, പാലക്കാട് 18, 19, 20 വടക്കഞ്ചേരി, കോഴിക്കോട് 23, 24, 25 കല്ലാച്ചി, എറണാകുളം 22 മുതല്‍ 25 വരെ കോതമംഗലം, കൊല്ലം ജൂലൈ 30 — ഓഗസ്റ്റ് മൂന്ന് കൊല്ലം, മലപ്പുറം 3, 4, 5 പരപ്പനങ്ങാടി, തിരുവനന്തപുരം 6, 7, 8, 9 തിരുവനന്തപുരം, കോട്ടയം 8, 9, 10 വൈക്കം, പത്തനംതിട്ട 14, 15, 16 കോന്നി. സെപ്റ്റംബര്‍ എട്ട് മുതല്‍ 12 വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം. 

Exit mobile version