Site iconSite icon Janayugom Online

മാധ്യമ പ്രചാരവേലകളില്‍ സിപിഐ തളരില്ല; ബിനോയ് വിശ്വം

പാര്‍ട്ടിക്കെതിരെ മാധ്യമ പ്രചാരവേലകള്‍ അണപൊട്ടി ഒഴുകിയാലും തരിമ്പും കുലുങ്ങില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിക്കെതിരെ നിരന്തരമുള്ള വാര്‍ത്തകള്‍ കണ്ട് ഒരു സഖാവും വിരണ്ടുപോകരുത്. കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ന്നുപോകുമെന്നാണ് മാധ്യമങ്ങളുടെ ധാരണ. അവര്‍ക്ക് ഈ പാര്‍ട്ടിയെ അറിയില്ല. ഈ പാര്‍ട്ടി ഉരുക്കിന്റെ പാര്‍ട്ടിയാണെന്നും സിപിഐ നെടുമങ്ങാട് മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

വരുംദിനങ്ങളില്‍ സിപിഐക്കെതിരെ എല്ലാ ദിവസവും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാകും. സമ്മേളനങ്ങള്‍ അവസാനിക്കുന്നതുവരെ എല്ലാ ദിവസവും കഥയുണ്ടാക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതൊക്കെ കേട്ട് വിഷമിക്കുന്നുണ്ടോ എന്നാണ് മാധ്യമങ്ങളുടെ നോട്ടം. രൂപീകരിച്ച കാലം മുതല്‍ അപവാദ പ്രചരണങ്ങളെ നേരിടേണ്ടിവന്ന പാര്‍ട്ടിയാണിത്. എറിയുന്ന ഓരോ കല്ലുമേറ്റ് നാം ദുര്‍ബലമാകില്ല. ആദര്‍ശ നിഷ്ഠയാണ്, നീതിബോധമാണ് നമ്മുടെ കൈമുതല്‍. എല്ലാ പാര്‍ട്ടികളും വഴിമാറി സഞ്ചരിച്ചാലും സിപിഐയ്ക്ക് മാറാന്‍ കഴിയില്ല. മൂല്യങ്ങളുടെ പാര്‍ട്ടിയാണ്, സത്യത്തിന്റെ പാര്‍ട്ടിയാണെന്ന് ബോധ്യപ്പെട്ട് മുന്നോട്ട് പോകണം. അങ്ങനെ ചെയ്താല്‍ എന്താണോ നാടും ജനങ്ങളും പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version