Site iconSite icon Janayugom Online

സിപിഐ മാറ്റങ്ങളെ ഉൾക്കൊള്ളുന്നു: മന്ത്രി പി പ്രസാദ്

കാലഘട്ടത്തിന്റെ മാറ്റങ്ങളെ ദീർഘവീക്ഷണത്തോടെ ഉൾക്കൊള്ളുന്ന പാർട്ടിയാണ് സിപിഐയെന്ന് കൃഷിമന്ത്രി പി പ്രസാദ്. സിപിഐ ജന്മശതാബ്ദി സമ്മേളനം പിഎസ് ശ്രീനിവാസൻ സികെ വിശ്വാനാഥൻ നഗറിൽ(ജെട്ടി മൈതാനം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി നൂറ് വർഷം പിന്നിടാൻ കഴിഞ്ഞത് അതുകൊണ്ടാണ്. നൂറു കൊല്ലം കമ്മ്യൂണിസ്റ്റുകാർ വെറുതെയിരിക്കുകയായിരുന്നില്ല. രാജ്യത്തിന്റെ സമ്പൂർണ സ്വാതന്ത്ര്യമെന്ന് രാജ്യത്ത് പ്രഖ്യാപിച്ച പാർട്ടി സിപിഐയാണ്. പിറന്നു വീണ നാൾ മുതൽ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഏക പാർട്ടിയാണ് സിപിഐ. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുപോലും ആ പാരമ്പര്യം അവകാശപ്പെടാൻ കഴിയില്ല. ദൈവത്തിന്റെ പേരിൽ അധികാരങ്ങൾ കൈയ്യടക്കിയ ജന്മി ബൂർഷ്വ വർഗങ്ങൾക്കെതിരെ തൊഴിലാളികൾ ഉയർത്തിയത് ചെങ്കൊടി ആയിരുന്നു. നവോത്ഥാന മുന്നേറ്റങ്ങളുടെ പാത പിന്തുടർന്ന് മാറ്റങ്ങളുടെ ശബ്ദമായത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാർ നാടിനായി ജീവൻ വെടിയുമ്പോൾ ഉണ്ടുറങ്ങിയവരാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാരെന്തു ചെയ്തുവെന്ന് ചോദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പി എസ് ശ്രീനിവാസൻ — സി കെ വിശ്വനാഥൻ നഗറിൽ ചേർന്ന സമ്മേളനത്തിൽ സി കെ ആശ എം എൽ എ അധ്യക്ഷയായി. സിപിഐ ദേശീയ എക്സിക്യുട്ടീവംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ ടി വി ബാലൻ, സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, സി പി മുരളി, പി വസന്തം, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന കൗൺസിലംഗങ്ങളായ ആർ സുശീലൻ, വി കെ സന്തോഷ് കുമാർ, പി കെ കൃഷ്ണൻ, ലീനമ്മ ഉദയകുമാർ, ടി എൻ രമേശൻ, കെ അജിത്ത്, എം ഡി ബാബുരാജ്, പി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. 

Exit mobile version