കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 98-ാം സ്ഥാപക ദിനം സംസ്ഥാനത്ത് വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പതാക ഉയര്‍ത്തിയും പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിച്ചും കൊടിതോരണങ്ങള്‍ സ്ഥാപിച്ചും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് സ്ഥാപകദിനാചരണം നടത്തിയത്. സിപിഐ സംസ്ഥാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി എസ് സ്മാരകത്തില്‍ നടന്ന ദിനാചരണ പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം എംപി പതാക ഉയര്‍ത്തി.
ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ ജീവിതക്രമങ്ങളിലും പങ്ക് വഹിച്ച പാര്‍ട്ടിയാണ് സിപിഐയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയും, നാടിന്റെ മാറ്റത്തിന്റെ പാതയില്‍ സോഷ്യലിസമാണ് ലക്ഷ്യമെന്നതും, വര്‍ഗീയ ഭ്രാന്തിനെ എതിര്‍ക്കാനുള്ള വിശാലമായ ഐക്യത്തെപ്പറ്റിയും ആദ്യമായി പറയുന്നത് ഈ പാര്‍ട്ടിയാണ്. തൊഴിലാളികളെയും കൃഷിക്കാരെയും യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമെല്ലാം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ പാര്‍ട്ടിയാണ് സിപിഐ. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നതാണ് നിലവില്‍ പാര്‍ട്ടിയുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി, നവയുഗം എഡിറ്റര്‍ ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലക്കാട് കോട്ടമെെതാനത്ത് നടന്ന പൊതുസമ്മേളനം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിപിഐ സംസ്ഥാന അസിസ്റ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിലംഗം രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി രൂപീകരണം 1925 ഡിസംബര്‍ 26 ന്
1925 ഡിസംബര്‍ 26-ാം തീയതിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുള്ള പ്രമേയം പാസാക്കുന്നത്. പാര്‍ട്ടി വിഭജിക്കപ്പെടുന്നതിന് മുമ്പ് 1959ല്‍ രൂപീകരണം സംബന്ധിച്ച് ഔപചാരികമായ ഒരു തീരുമാനം എടുക്കാന്‍ അന്നത്തെ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമായി. അന്ന് സോവിയറ്റ് യൂണിയനും ചൈനയ്ക്കും പുറമേ ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്ന ഇന്ത്യോനേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് ചില അന്വേഷണങ്ങള്‍ നടത്തി. ആ അന്വേഷണത്തിന് മറുപടി കൊടുക്കുന്നതിന് വേണ്ടി 1959 ഓഗസ്റ്റ് 19ന് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. അജയ് ഘോഷ്, ബി ടി രണദിവെ, പി സി ജോഷി, എം ബസവപുന്നയ്യ, ഇസഡ് എ അഹമ്മദ്, എസ് എ ഡാങ്കെ, എ കെ ഗോപാലന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇന്തോനേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മറുപടി അയയ്ക്കുന്നത് 1959 ഓഗസ്റ്റ് 20നാണ്. 1925 ഡിസംബറില്‍ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്നാണ് അതില്‍ പറയുന്നത്. അന്ന് മറുപടി കൊടുക്കുമ്പോള്‍, പിന്നീട് സിപിഐ(എം) നേതൃത്വത്തില്‍ എത്തിയ ബി ടി രണദിവെ, ബസവപുന്നയ്യ, എ കെ ഗോപാലന്‍ എന്നിവരുണ്ടായിരുന്നു. ഈ മൂന്ന് പേരും മരിച്ചതിന് ശേഷമാണ് സിപിഐ(എം), സിപിഐയെക്കാള്‍ അഞ്ച് വയസ് കൂടുതല്‍ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നത്. ഇതിനായി പാര്‍ട്ടി രൂപീകരിച്ചത് 1920ല്‍ താഷ്‌ക്കന്റിലാണെന്ന അവകാശവാദവും ഉന്നയിക്കുന്നു.
English Summary;CPI Foundation Day was celebrated appropriately
You may also like this video