Site iconSite icon Janayugom Online

സൂര്യഗാഗി കോടി ഹെജ്ജെ ഭവനരഹിതർക്കുവേണ്ടി കോടി ചുവടുകൾ

‘സൂര്യഗാഗി കോടി ഹെജ്ജെ’ എന്ന കന്നട വാക്കിന്റെ അർത്ഥം ഭവനരഹിതർക്കുവേണ്ടി കോടി ചുവടുകൾ എന്നാണ്. കർണാടക സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് വരുന്ന ഭവനരഹിതർക്കായി സിപിഐ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ പേര് അതായിരുന്നു. സമാപന സ്ഥലമായ ബംഗളൂരുവിലെത്തുന്നതുവരെയുള്ള ചുവടുകൾ കണക്കാക്കിയാണ് ഈ പേര് നൽകിയത്. സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശായിരുന്നു പദയാത്രയ്ക്ക് നേതൃത്വം നല്കിയത്. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ പദയാത്ര. സാധാരണ വേഷത്തിൽ, ഓട്ടോറിക്ഷയിൽ വച്ചുകെട്ടിയ ഉച്ചഭാഷിണിയുമായി, സ്ഥിരമായി ഇരുപത്തഞ്ചോളം പേർ സഞ്ചരിച്ചു. നിയതമായ സ്വീകരണ കേന്ദ്രങ്ങളും സമാപന സജ്ജീകരണങ്ങളുമുണ്ടായില്ല. ഉന്നയിക്കുന്ന പ്രശ്നങ്ങൾ നേരനുഭവമായ ജനവിഭാഗങ്ങൾ പദയാത്രയെ വഴികളിൽ സ്വീകരിച്ചു. രാത്രിയെത്താൻ നിശ്ചയിച്ച ഇടങ്ങളിൽ പ്രവർത്തകരുടെ വീടുകളിലോ പൊതുസ്ഥാപനങ്ങളിലോ അന്തിയുറങ്ങി. മുദ്രാവാക്യങ്ങൾ വിളിച്ചും പാട്ടുകൾ പാടിയും രണ്ടു ഘട്ടങ്ങളിലായി അവർ കോടി ചുവടുകൾ പിന്നിട്ട് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലെത്തി.

2020 ഫെബ്രുവരി രണ്ടിന് ബല്ലാരിയിൽ ആരംഭിച്ച് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ സമാപിക്കുന്ന വിധത്തിൽ ആയിരുന്നു പദയാത്ര ആവിഷ്കരിച്ചിരുന്നത്. എല്ലാ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, നഗരങ്ങൾ പിന്നിട്ട്, ഭവന — ഭൂരഹിതരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് അവ ചേർത്ത നിവേദനം തയ്യാറാക്കി അധികൃതർക്ക് സമർപ്പിക്കുക എന്നതായിരുന്നു പദയാത്രയുടെ ലക്ഷ്യം. 2020 ഫെബ്രുവരി രണ്ടിന് ബല്ലാരിയിൽ നിന്ന് നിശ്ചയിച്ചത് അനുസരിച്ചു പദയാത്ര പുറപ്പെട്ടുവെങ്കിലും കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പാതിവഴിയിൽ, തുങ്കൂരിൽ അവസാനിപ്പിക്കേണ്ടി വന്നു. അതിനിടെ സിപിഐ കർണാടക സംസ്ഥാന സെക്രട്ടറി സുന്ദരേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര 48 ദിവസം പിന്നിട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീണ്ടുപോയതിനാൽ പദയാത്ര പുനരാരംഭിക്കാനായില്ല. അതിനുശേഷം സംഘടനാപരമായ തിരക്കുകളും. എങ്കിലും ബംഗളൂരുവിൽ അവസാനിക്കുമെന്ന് തീരുമാനിച്ചിരുന്ന പ്രസ്തുത പദയാത്ര പുനരാരംഭിക്കണം എന്ന് പാർട്ടി നിശ്ചയിച്ചു. അങ്ങനെ 2020 ഫെബ്രുവരി രണ്ടിന് ആരംഭിച്ച് മാർച്ച് മാസം അവസാനം പദയാത്ര നിർത്തിവച്ച തുങ്കൂരിൽ നിന്ന് തന്നെ കഴിഞ്ഞ ഫെബ്രുവരി 26ന് പുനരാരംഭിച്ചു. പ്രസ്തുത പദയാത്ര മാർച്ച് ഒമ്പതിന് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലാണ് സമാപിച്ചത്. കർണാടക നേരിടുന്ന വലിയ സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഭൂരഹിതരും ഭവനരഹിതവുമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്. ജനസംഖ്യയിൽ ഏകദേശം 46.57 ശതമാനം പേർ ഭൂരഹിതരാണ്.

ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കുന്ന വേളയിൽ സംസ്ഥാന ഭവന വകുപ്പ് നടത്തിയ സർവേ പ്രകാരം ഏകദേശം 37 ലക്ഷം കുടുംബങ്ങളാണ് ഭൂരഹിതരും ഭവനരഹിതരുമായി സംസ്ഥാനത്ത് ഉള്ളത്. രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷന് മുന്നിൽ മാത്രം 16 ലക്ഷം അപേക്ഷകളാണ് ഭവനരഹിതരുടേതായി ലഭ്യമായത്. ഇതനുസരിച്ച് കണക്കാക്കിയാൽ ഏകദേശം 50 ലക്ഷം ഭവനരഹിതർ യഥാർത്ഥത്തിൽ സംസ്ഥാനത്തുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ സർവേ ആവശ്യമാണ്. ഇത്രയധികം പേർ വാടകവീടുകളിലോ അതിനു സാധ്യമാകാത്തവർ തെരുവുകളിലോ കഴിയുന്നു എന്ന ലജ്ജാകരമായ സ്ഥിതിയാണ് കർണാടകയെ സംബന്ധിച്ച് നിലനിൽക്കുന്നത്. വീടു നൽകുന്നതിനുള്ള പദ്ധതികൾ കടലാസിൽ ആവിഷ്കരിക്കാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നടപ്പിലാക്കപ്പെടുന്നില്ല. വിവിധ ഭവന പദ്ധതികളിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് സർക്കാർ നൽകുന്ന തുകയാകട്ടെ വളരെ തുച്ഛമാണെന്നതിനാൽ നിർമ്മാണം പൂർത്തീകരിക്കാൻ ആവാത്ത സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികളിലുള്ള ഭവന നിർമ്മാണം പാതിവഴിയിൽ നിലച്ച നിലയിലും ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ തനതായ ഭവന നിർമ്മാണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സാധിക്കുന്നുമില്ല. ഇതെല്ലാം കൊണ്ടാണ് സംസ്ഥാനത്ത് ഭവനരഹിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി 50 ലക്ഷത്തോളം കുടുംബങ്ങൾ അഥവാ രണ്ടു കോടിയോളം പേർ ഭവനരഹിതരാണെന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് പദയാത്ര സംഘടിപ്പിക്കുന്നതിന് സിപിഐ തീരുമാനിച്ചത്. 62 ദിവസങ്ങളിലായി ആയിരം കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്ന ജാഥയാണ് 2020 ഫെബ്രുവരി രണ്ടിന് ബല്ലാരിയിൽ നിന്ന് ആരംഭിച്ചത്. തുങ്കൂരിൽ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന ജാഥ 26ന് പുനരാരംഭിക്കുകയും മാർച്ച് ഒമ്പതിന് ബംഗളൂരുവിൽ സമാപിക്കുകയും ചെയ്തു. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ഗ്രാമങ്ങളിൽ പോലും ജനകീയ പ്രശ്നം ഉയർത്തിപ്പിടിച്ചുള്ള പദയാത്രയ്ക്ക് വൻ സ്വീകരണങ്ങളാണ് ലഭിച്ചത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയോടെയായിരുന്നു സമാപനം. സമാപനത്തിനുശേഷം ഇത്രയും നാൾ സഞ്ചരിച്ച് ജനങ്ങളിൽനിന്ന് മനസിലാക്കിയ പ്രശ്നങ്ങൾ സമാഹരിച്ച് നിവേദനമായി സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് തലത്തിൽ ഭവനരഹിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള സർവേ നടത്തുക, വീട് നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക, ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശം ഉൾപ്പെടെ ഭൂമി നൽകുക, ഭവന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മതിയായ തുക സർക്കാർ അനുവദിക്കുക, നിലവിലുള്ള ഭവന പദ്ധതികളിൽ നിർമ്മിക്കുന്ന വീടുകൾ ഏറ്റവും കുറഞ്ഞത് ആയിരം ചതുരശ്ര അടിയെങ്കിലും വിസ്തൃതിയുള്ളതായിരിക്കുക, ഗുണഭോക്തൃ വിഹിതം അഞ്ചുലക്ഷം രൂപയായി ഉയർത്തുക, നഗരപ്രദേശങ്ങളിൽ ലഭ്യമാകുന്ന ഭൂമിയിൽ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. സമാപനത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാർലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് സിപിഐ ശബ്ദമുയർത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഐ. കർണാടകയിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയതയും അഴിമതിയും നിറഞ്ഞ ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുന്നതിന് സിപിഐ മുൻകൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച പദയാത്രയ്ക്ക് വികാരഭരിതമായ സ്വീകരണങ്ങളാണ് പലയിടങ്ങളിൽ നിന്നും ലഭ്യമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ജാഥാ നേതാവുമായിരുന്ന സാത്തി സുന്ദരേശ് പറഞ്ഞു. ഭവനരഹിതരും ഭൂരഹിതരുമായ ആയിരക്കണക്കിന് ആളുകളാണ് ഓരോ കേന്ദ്രങ്ങളിലും പദയാത്രയെ സ്വീകരിക്കുവാനെത്തിയതും അപേക്ഷകൾ സമർപ്പിച്ചതും. എല്ലാ ഭവനരഹിതർക്കും വീട് എന്ന മുദ്രാവാക്യം കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മുദ്രാവാക്യം കൂടിയായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പദയാത്രാവേളയിൽ ലഭ്യമായ വീടിനു വേണ്ടിയുള്ള അപേക്ഷകളും സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഭവന — ഭൂരഹിത സമിതി പ്രസിഡന്റ് എം സി ഡോംഗ്രെ അധ്യക്ഷനായി. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പി വി ലോകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശിവരാജ് ബീരാധാർ, ജ്യോതി എ, എഐവൈഫ് സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, ഹൊസടു മാസിക പത്രാധിപർ ഡോ. സിദ്ധനഗൗഡ പാട്ടീൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി അംജാദ് സ്വാഗതം പറഞ്ഞു.

Eng­lish Sam­mury: CPI strike for the land­less and home­less in karnataka

Exit mobile version