വർഗ്ഗീയ ധ്രൂവീകരണവും തീവ്ര ദേശീയവാദവും വഴി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ അസ്ഥിരപ്പെടുത്താനുമാണ് നരേന്ദ്രമോഡി സർക്കാർ ശ്രമിക്കുന്നതെന്ന് സത്യൻ മൊകേരി ആരോപിച്ചു. ആഭ്യന്തരകലാപത്തെ അവസാനിപ്പിക്കാൻ സാധിക്കാത്ത കേന്ദ്ര ഭരണകൂടം മതന്യൂനപക്ഷങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും ഫെഡറലിസത്തെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റം ഉയർത്തി കൊണ്ടുവരികയും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം മൊകേരി ഗവ: കോളജ് ഓഡിറ്റോറിയത്തിൽ (എം നാരായണൻ നഗറിൽ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി സുരേന്ദ്രൻ, റീജ അനിൽ, പി ഭാസ്ക്കരൻ, എം സുനിൽ അടങ്ങിയ പ്രസീഡയവും, കെ കെ മോഹൻദാസ്, എം പി കുഞ്ഞിരാമൻ, കെ പി നാണു എന്നിവര്‍ അംഗങ്ങളായ സ്റ്റിയറിംഗ് കമ്മറ്റിയും, പ്രമേയം രാജു തോട്ടും ചിറ, മിനുട്സ് കെ സത്യനാരയണൻ, ക്രഡൻഷ്യൽ ഹരികൃഷ്ണ കൺവീനർമാരായി കമ്മിറ്റികൾ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സമ്മേളനത്തെ സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ കെ വിജയൻ എംഎൽഎ, ടി കെ രാജൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ഗവാസ്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ റീനാ സുരേഷ് സ്വാഗതവും, മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും, പി പി ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും കെ ചന്ദ്രമോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

