Site iconSite icon Janayugom Online

സിപിഐ നേതാവ് യു എസ് ശശി അന്തരിച്ചു

സിപിഐ നേതാവും പ്രമുഖ ട്രേ‍ഡ് യൂണിയന്‍ സംഘാടകനുമായ മുന്‍ എംഎല്‍എ യു എസ് ശശി (72) അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തലച്ചോറിനെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിതന്നെ മാള നെയ്തക്കുടിയിലെ വസതിയിലെത്തിച്ചു. മൃതദേഹം രാവിലെ 11 മുതൽ 12 വരെ മാളയിലെ സിപിഐ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വസതിയിലേക്ക് തിരിച്ചുകൊണ്ടുപോകും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ച് മണിക്ക് മാള ടൗണിൽ സർവകക്ഷി അനുശോചന യോഗം ചേരും.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ചെത്തുതൊഴിലാളിയായിരിക്കെ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട് ചെത്തുതൊഴിലാളി ഫെഡറേഷന്‍-എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റായും റേഷന്‍ വ്യാപാരി സംഘടന ജില്ലാ പ്രസിഡന്റായും കേരളാഫീഡ്സ്, കാംകോ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃഷിമന്ത്രിയായിരിക്കെ അന്തരിച്ച വി കെ രാജന്റെ ഒഴിവില്‍ 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മാള നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിലും മാളയില്‍ നിന്ന് മത്സരിച്ചു. ഉര്‍ക്കോലില്‍‍ സുബ്രഹ്മണ്യന്റെയും ഭൈമിയുടെയും മകനായി 1950 ജൂലൈ 22നായിരുന്നു ജനനം. ശശികലയാണ് ഭാര്യ. മക്കള്‍: സനേഷ്(ദുബായ്), ശരത്ത്. യു എസ് ശശിയുടെ വേര്‍പാടില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു.

തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു യു എസ് ശശിയെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. ടി ആർ രമേഷ്കുമാർ, പി ബാലചന്ദ്രൻ എംഎൽഎ എന്നിവരും മറ്റുനേതാക്കളായ മുൻ മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ, അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ, എം സ്വർണലത, കെ വി വസന്ത്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.

Eng­lish summary;CPI leader US Shashi passed away

You may also like this video;

Exit mobile version