Site icon Janayugom Online

സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരം; വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു

സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു. ഭരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് ഒരാഴ്ച മുമ്പ് സിപിഐ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്.

 

പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂസമരങ്ങള്‍ നടത്തുന്നതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കല്ലപ്പള്ളി ശ്രീനിവാസ് റാവു പറഞ്ഞു. എട്ട് വര്‍ഷമായി പട്ടയം വിതരണം ചെയ്യാതെയും വീടുകള്‍ നിര്‍മിച്ചു നല്‍കാതെയും പാവപ്പെട്ടവരെ വഞ്ചിക്കുന്ന സമീപനമാണ് ടിആര്‍എസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീനിവാസ് റാവു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നത് വരെ നിയമനടപടികളെ ഭയക്കില്ലെന്നും വീടുകള്‍ ഉറപ്പാക്കുന്നത് വരെ ഭൂമി തര്‍ക്കം രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി സിപിഐ നേതൃത്വത്തില്‍ ഭൂരഹിതരായ ആയിരങ്ങള്‍ പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയിരിക്കുന്നത്. താലൂക്ക് ഓഫീസ് ഉപരോധത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തടിപാമൂല വെങ്കിട്ടരാമുലു, വാറങ്കല്‍ ജില്ലാ സെക്രട്ടറി മേകല രവി, ജില്ലാ അസി. സെക്രട്ടറിമാരായ ഷെയ്ഖ് ബാഷ് മിയ, പനസ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Eng­lish sum­ma­ry; CPI-led land strug­gle; Waran­gal taluk office besieged

You may also like this video;

Exit mobile version