സത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുമെന്ന് സിപിഐ (എം) പാർടി കോൺഗ്രസ്. ബിജെപി ഭരണത്തിൽ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ശാരീരിക–-മാനസിക പീഡനം, ബലാത്സംഗ മരണങ്ങൾ എന്നിവ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. ആർഎസ്‌എസ്–-ബിജെപി രാഷ്‌ട്രീയനേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെയാണ് ഇത്തരം സംഘങ്ങൾ വിലസുന്നത്. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരണമെന്ന് പാർട്ടി കോൺഗ്രസ് വ്യക്തമാക്കി.
ഡൽഹിയിൽ ഓരോ മാസവും ഏഴ് പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ടെന്നാണ് ഡൽഹി പൊലീസ് കണക്ക്. സ്‌ത്രീകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യാ രാജ്യം മാറി. ദുരഭിമാനക്കൊല വർധിക്കുന്നു. സ്‌ത്രീധനപീഡനങ്ങളും മരണങ്ങളും തുടർക്കഥയായി. സ്‌ത്രീകളുടെ നിരന്തരപോരാട്ടത്തെ തുടർന്നാണ് സ്‌ത്രീധനനിരോധന നിയമം നടപ്പാക്കിയത്. എന്നാൽ ബിജെപി ഈ നിയമത്തെ അംഗീകരിച്ചിട്ടില്ല. പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ സ്‌ത്രീകളെയാണ് കുറ്റക്കാരായി കാണുന്നത്. വ്യക്തിഹത്യ ചെയ്‌തും ഭീഷണിപ്പെടുത്തിയും പരാതിക്കാരുടെ വായടപ്പിക്കുന്നു. ഇരകൾക്ക് കേന്ദ്രസർക്കാർ സുരക്ഷയും നിയമസഹായവും ഉറപ്പാക്കണമെന്നും
നിർഭയ ഫണ്ട് ഉപയോഗിച്ച് ബലാത്സംഗ ഇരകൾക്ക് വാസകേന്ദ്രം നിർമിക്കുമെന്ന കേന്ദ്രസർക്കാർ വാഗ്‌ദാനം പാലിക്കണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു.
നിർഭയ ഫണ്ടിൽ 30 ശതമാനം വിനിയോഗിച്ചെന്നാണ് 2018ൽ ലഭിച്ച മറുപടി.നവലിബറൽ നയങ്ങൾ നടപ്പാക്കിയതിലൂടെ കൂടുതൽ ചൂഷണം നേരിടുന്ന വിഭാഗമാണ് സ്‌ത്രീകൾ. കുറഞ്ഞ കൂലിയാണ് അവർക്ക് ലഭിക്കുന്നത്. കൊടിയ ചൂഷണത്തിനും വിധേയമാകുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സദാചാര പൊലീസ്, ലൗ ജിഹാദ്, മതപരിവർത്തനം, വസ്‌ത്രം എന്നിവയുടെയെല്ലാം പേരിൽ സംഘപരിവാർ കടന്നാക്രമണം നടത്തുകയാണ്. ഇതിനെതിരെ സ്‌ത്രീകളെയും പുരുഷന്മാരെയും അണിചേർത്ത് പോരാട്ടം ശക്തമാക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
English Summary: CPI (M) Party Congress; Violence against women and children will be resisted
You may also like this video
