Site icon Janayugom Online

കൊലക്കേസ് പ്രതികളുമായി വന്ന പൊലീസ് വാഹനം കാര്‍ കുറുകെയിട്ട് തടഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ്

സിപിഐ(എം) പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി വന്ന വാഹനം തടഞ്ഞ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ അതിക്രമം. കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച ജഡ്ജിയുടെ വീട്ടില്‍ അഞ്ജാതവേഷത്തില്‍ എത്തി ഭീഷണിയും മുഴക്കി. രണ്ട് സംഭവത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ജയിലിലേക്ക് പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനം, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ കാര്‍ ജയില്‍ കവാടത്തിന് കുറുകെയിട്ട് തടയുകയായിരുന്നു. നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലെ 11 പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. തങ്ങളെയും ജയിലിലേക്ക് കടത്തിവിടണമെന്നായിരുന്നു രാജേഷിന്റെയും മറ്റും ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ജയിൽ അധികൃതർ തീരുമാനിച്ചു. ഇതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രോശവുമായി കൂടുതല്‍ ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ജയിലിന് മുന്നിലെ പ്രധാന റോഡിൽ ഗതാഗതവും സ്തംഭിച്ചു.

വി വി രാജേഷിന്റെ കാർ ജയിലിന് മുന്നിൽ നിർത്തിയിട്ടതോടെ പ്രതികളുമായുള്ള വാഹനം അകത്തേക്ക് കയറ്റാൻ പറ്റാത്ത സാഹചര്യമുണ്ടായി. തങ്ങളെ അകത്ത് കയറ്റിയില്ലെങ്കിൽ പ്രതികളെയും ജയിലിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് രാജേഷ് അധികൃതരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അര മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമുണ്ടായതോടെ രണ്ട് പേർക്ക് ജയിൽ വളപ്പിൽ പ്രവേശിക്കാൻ അനുമതി നൽകി. ഇതിന് പിന്നാലെ ബിജെപി നേതാവ് എസ് സുരേഷടക്കമുള്ളവരും എത്തി. ഇവരും അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. എന്നാല്‍ അനുമതി നൽകിയില്ല.

കഴിഞ്ഞ ദിവസമാണ് ആനാവൂർ നാരായണൻ നായർ കൊലപാതക കേസിൽ ബിഎംഎസ് സംസ്ഥാനനേതാവടക്കം 11 പ്രതികളെയും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജീവപര്യന്തം തടവിന് വിധിച്ചത്. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്ക് പത്തുവർഷം അധിക തടവും കോടതി വിധിച്ചു. ശിക്ഷ വിധിച്ച ജഡ്ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടിൽ രണ്ട് അജ്ഞാതരെത്തി ഭീഷണിപ്പെടുത്തി. ജഡ്ജിയുടെ അച്ഛനമ്മമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജഡ്ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അച്ഛനമ്മമാർ അറിയിച്ചു. തുടർന്ന് ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ വീടിന് കാവൽ ഏർപ്പെടുത്തി. മാന്നാറിലെയും പരിസരങ്ങളിലെയും സിസിടിവി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബ വീട്ടിൽ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടർന്ന് ജഡ്ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയനായ കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കേസിലെ ഒന്നാം പ്രതി കെ എൽ രാജേഷ്. ഇയാളെ കോടതിവിധിക്കുശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത് വീട്ടിൽ ഗിരീഷ് എന്ന അനിക്കുട്ടൻ (48) എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍.

2013 നവംബർ അഞ്ചിന് രാത്രി 10.30നാണ് മാരകായുധങ്ങളുമായി എത്തിയ പ്രതികൾ നാരായണൻ നായരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. എസ്എഫ്ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയതായിരുന്നു അക്രമിസംഘം. ഇവരെ തടയുന്നതിനിടെയാണ് നാരായണൻ നായർക്ക് വെട്ടേറ്റത്. ആക്രമണത്തിൽ നാരായണൻ നായരുടെ ഭാര്യ വിജയകുമാരി അമ്മയ്ക്കും മക്കളായ ഗോപകുമാറിനും ശിവപ്രസാദിനും പരിക്കേറ്റിരുന്നു. ഗുരുതരമായി വെട്ടേറ്റ നാരായണൻ നായർ അടുത്ത ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പന്റെ ബന്ധുവും തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനുമായിരുന്നു ആനാവൂർ നാരായണൻ നായര്‍.

 

eng­lish sam­mury: anavoor narayanan nair mur­der case

Exit mobile version