Site icon Janayugom Online

ഗവർണർ സർക്കാരിനെ ബുദ്ധിമുട്ടിലാക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല: പന്ന്യൻ

കേരള ജനത നെഞ്ചേറ്റിയ എൽഡിഎഫ് സർക്കാരിനെ ബുദ്ധിമുട്ടിലാക്കാൻ ഗവർണർ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനവും സാംസ്കാരികസദസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പാവങ്ങളുടെ എല്ലാ പ്രതീക്ഷയും എൽഡിഎഫ് സർക്കാരാണ്. കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ചുവപ്പുകണ്ട കാളയെ പോലെ ഗവർണർ തിരിഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മതേതരത്തിനും വേണ്ടി നിസ്വാർത്ഥമായി നിലകൊണ്ടവരാണ് കമ്മ്യൂണിസ്റ്റുകാർ. അധികാരത്തിന് പിന്നാലെ പോകുന്നവർക്ക് അത് പറഞ്ഞാൽ മനസിലാകില്ല. ഉപരാഷ്ട്രപതി പദവി മോഹിച്ചത് കിട്ടാത്തതിന്റെ നിരാശയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ വാളെടുത്ത് തുള്ളുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിടിവാശി നന്നല്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ വെല്ലുവിളിക്കുകയാണദ്ദേഹം. സംസ്ഥാന സർക്കാർ രാജ്ഭവനിലേക്കയച്ച നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടേണ്ടിവരുമെന്നും പന്ന്യൻ പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷനായി. സ്മൃതി-പതാക‑കൊടിമര‑ബാനർ ജാഥകൾ സംഗമിച്ചപ്പോൾ കെ മാധവൻ നായർ സ്മാരകം സമ്മേളനനഗരി ജനസാഗരമായി. പതാക  ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും കൊടിമരം സ്വാഗത സംഘം ചെയർമാൻ പി സുബ്രഹ്മണ്യനും ബാനർ ജനറൽ കൺവീനർ പി തുളസീദാസും ഏറ്റുവാങ്ങിയതോടെ ജില്ലാസമ്മേളനത്തിന് ഔദ്യോഗികമായ തുടക്കമായി. പൊതുസമ്മേളനനഗരിയായ ആളൂര്‍ പ്രഭാകരന്‍ നഗറില്‍ പി സുബ്രഹ്മണ്യൻ പതാക ഉയർത്തി. കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ, വി ചാമുണ്ണി, അജിത് കൊളാടി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അഡ്വ. കെ പി ഷാജു നന്ദി പറഞ്ഞു. തുടർന്ന് കനൽ തിരുവാലിയുടെ നാടൻപാട്ട് അരങ്ങേറി.

ഇന്ന് രാവിലെ ഒമ്പതിന് ദീപശിഖാ പ്രയാണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയായ ടി കെ സുന്ദരൻ മാസ്റ്റർ നഗറിൽ (ഹിൽട്ടൻ ഓഡിറ്റോറിയം) ദീപശിഖ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പി സുനീർ ഏറ്റുവാങ്ങും. തിരഞ്ഞെടുക്കപ്പെട്ട 220 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, അഡ്വ. കെ രാജൻ, ജെ ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുക്കും.

 

Eng­lish Sam­mury: cpi malap­pu­ram dis­trict coun­cil conference

Exit mobile version