Site iconSite icon Janayugom Online

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണക്കെതിരെ സിപിഐ മാര്‍ച്ചും ധര്‍ണയും

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണക്കെതിരെ സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാര്‍ച്ചും ധര്‍ണയും നടത്തി. സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ കവാടത്തിനോട് അടുത്തതുമായ വടക്കുഭാഗത്ത് ഫൂട്ടോവർ ബ്രിഡ്ജ് ഇല്ലാത്തത് വൻ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. കഴിഞ്ഞദിവസം നിരപരാധികളായ മൂന്നു സ്ത്രീകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.

സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളുടെ എണ്ണം കുറച്ചതും ഇൻഫർമേഷൻ കേന്ദ്രം നിർത്തലാക്കിയതും സാധാരണ യാത്രക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ റെയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ജില്ലാ കൗൺസിൽ അംഗം കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം എ ദാമോദരൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം ആക്ടിംങ് സെക്രട്ടറി എന്‍ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ തമ്പാൻ, കെ വി ശ്രീലത, രഞ്ജിത്ത് മടിക്കൈ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Exit mobile version