കേരളത്തിന് എതിരെയുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ അതിശക്തമായ ക്യാമ്പയിൻ കൊണ്ടുവരാൻ സിപിഐ സംസ്ഥാന കൗൺസിൽയോഗം തീരുമാനിച്ചതായി കാനം രാജേന്ദ്രൻ പറഞ്ഞു. ജനുവരി 15, 16 തീയതികളിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും വാഹന ജാഥകൾ സംഘടിപ്പിക്കും. 17ന് മണ്ഡലം കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു. എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാപ്രദേശങ്ങളിലും തുടർച്ചയായി വരാൻപോകുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമാണെന്നും കാനം പറഞ്ഞു.
സ്ഥാപക ദിനം ആചരിക്കും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകദിനം ഡിസംബർ 26ന് സമുചിതമായി ആചരിക്കും. എല്ലാ ബ്രാഞ്ചുകളിലും പാർട്ടി പതാക ഉയർത്തി സ്ഥാപകദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ച സമ്മേളനങ്ങൾ നടത്തും. പാർട്ടി ഒന്നായിരിക്കുമ്പോൾ അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ 1925ലെ കാണ്‍പുര്‍ സമ്മേളനമാണ് ഡിസംബർ 26 സ്ഥാപകദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
1939ൽ പിണറായിയിലെ പാറപ്രത്താണ് കേരളത്തിലെ പാർട്ടിയുടെ സ്ഥാപനം നടന്നത്. കേരളത്തിലെ പാർട്ടിയുടെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകദിനവും സംയുക്തമായി വിപുലമായി ആചരിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും കൗൺസിൽയോഗം ആഹ്വാനം ചെയ്തു.
സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
വിജയവാഡയില്‍ 2022 ഒക്ടോബര്‍ 14 മുതല്‍ 18വരെ നടക്കുന്ന സിപിഐ 24-ാം പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായി കേരളത്തിലെ സംഘടനാസമ്മേളനങ്ങള്‍ക്ക് ഫെബ്രുവരി 10 മുതല്‍ തുടക്കമാകുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്ഡലം സമ്മേളനങ്ങളും നടക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനം നടക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ തിരുവനന്തപുരത്താകും സംസ്ഥാന സമ്മേളനം നടക്കുക. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാസമ്മേളനം ജൂലൈ അവസാനം നടത്തും.
സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
English Summary: CPI march and dharna on January 17 against central neglect
You may like this video also