ബജ്‌റംഗ്‌ദള്‍ അതിക്രമത്തിനിരയായ മൂന്ന് പെൺകുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയതിന് സിപിഐ നാരായണ്‍പൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണി. പെണ്‍കുട്ടികള്‍ക്കും സിപിഐ ജില്ലാ സെക്രട്ടറി ഫൂല്‍ സിങ്ങിനും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്ക് കത്തയച്ചു.
ബജ്‌റംഗ്‌ദളുകാര്‍ ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത്. പിന്നീട് സിപിഐ സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന മാനസിക, ശാരീരിക പീഡകള്‍ തുറന്നുപറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതിനിടെയാണ് സിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്.
ഈ സംഭവത്തില്‍ രണ്ടുതവണ ഛത്തീസ്ഗഢ് സന്ദർശിച്ച് ഇരകളെ കണ്ടെന്നും അവര്‍ ഭീഷണി നേരിടുകയാണെന്ന് മനസിലാക്കിയതായും സന്തോഷ് കുമാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം പുരോഗമന ശക്തികളുടെ വ്യാപക പിന്തുണയോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കന്യാസ്ത്രീകളോടൊപ്പം യാത്ര ചെയ്തിരുന്ന കമലേശ്വരി പ്രധാൻ, ലളിത ഉസെന്ദി, സുക്‌മതി മാണ്ഡവി എന്നീ ആദിവാസി പെൺകുട്ടികൾക്ക് നിയമപരവും സാമൂഹികവുമായ സഹായം നൽകാൻ സിപിഐ തീരുമാനിച്ചിരുന്നു.
വളരെ ദുർബല പശ്ചാത്തലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ, തങ്ങളുടെ ദുരിതങ്ങൾ സംബന്ധിച്ച പരാതി ദുർഗ് ജില്ലാ പൊലീസ് ചീഫിന് നല്‍കിയിട്ടുണ്ട്. ഇവരും വലതുപക്ഷ സംഘങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ഇതിനുപിന്നലെയാണ് സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെയും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയത്. ഇത് അംഗീകരിക്കാനാകാത്തതും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ഭീഷണി മുഴക്കിയവര്‍ക്കും ഇരകളെ ഭീഷണിപ്പെടുത്താനും നീതിനിര്‍വഹണം തടസപ്പെടുത്താനും ശ്രമിക്കുന്ന സംഘങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

