Site iconSite icon Janayugom Online

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം: സ്വാഗതസംഘം രൂപീകരിച്ചു

ഏപ്രില്‍ 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രക്ഷാധികാരിയും ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ജി ആര്‍ അനില്‍ ചെയര്‍മാനും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായി 151 അംഗ സ്വാഗതസംഘം ആണ് രൂപീകരിച്ചത്. യോഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
വര്‍ഗീയ ഭ്രാന്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് ഫാസിസ്റ്റ് രാഷ്ട്രീയമാണ്. 

ആ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ബിജെപിയുടെ ആശയ അടിത്തറയായ ആര്‍എസ്എസിന്റെ നേതൃത്വമാണ്. ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമാണ് ആര്‍എസ്എസ് എന്നുള്ളതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംശയമേതുമില്ല. ചിലര്‍ യാന്ത്രികമായി ഫാസിസത്തെ കാണുവാന്‍ ശ്രമിക്കുന്നു. വന്‍കിട കോര്‍പറേറ്റുകളോടുള്ള ഭരണകൂടത്തിന്റെയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെയൊ വിധേയത്വമാണ് ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ. വംശീയ മേധാവിത്വമാണ് അതിന്റെ സൈദ്ധാന്തിക അടിത്തറയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ അരുണ്‍ കെ എസ്, പള്ളിച്ചല്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Exit mobile version