Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കുരുന്നിന്റെ പോസ്റ്റര്‍

അയല്‍ക്കൂട്ട യോഗങ്ങളുടെ പോസ്റ്ററുകള്‍ വരെ ഡിജിറ്റലായും ഫ്ളക്സുകളായും പ്രചരിക്കുന്ന കാലത്ത് മുഹമ്മയിലെ സിപിഐ കുടുംബസംഗമത്തിന് ആറുവയസ്സുകാരിയായ ഒരു കൊച്ചുമിടുക്കി തയ്യാറാക്കിയ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടി. മുഹമ്മ കെ ഇ കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ നിയ ശരത്ത് പോസ്റ്ററുകള്‍ സ്കെച്ച് പേനകൊണ്ട് തയ്യാറാക്കുക മാത്രമല്ല അയല്‍പക്കത്തെ അമ്പതോളം വീടുകളുടെ പരിസരത്ത് പതിപ്പിക്കുകയും ചെയ്തു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കുടുംബസംഗമത്തിന്റെ ഭാഗമായാണ് മുഹമ്മ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി കഴിഞ്ഞദിവസം കുടുംബസംഗമം നടത്തിയത്. മുഹമ്മ ആനേക്കാട്ട് വെളിയില്‍ ബാങ്ക് ജീവനക്കാരന്‍ ശരത് ലാൽ, സ്കൂൾ അധ്യാപിക ഗ്രീഷ്മ ദമ്പതികളുടെ മകളായ നിയ ശരത്ത് സിപിഐ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്കൊപ്പം സംഗമം വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആരും പറയാതെ ഒരു ദിവസം നിയ സ്വന്തം കൈപ്പടയില്‍ കുടുംബസംഗമത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കുകയായിരുന്നു. കുരുന്ന് കയ്യക്ഷരത്തിലെ പോസ്റ്റര്‍ എല്ലാവര്‍ക്കും ഇഷ്ടമായതോടെ ഇനി വേറെ പോസ്റ്റര്‍ വേണ്ടെന്ന് അവര്‍ തീരുമാനമെടുത്തു. വെള്ളപേപ്പറില്‍ ചുവപ്പും കറുപ്പും നിറം ഉപയോഗിച്ചാണ് പോസ്റ്റര്‍ രൂപകല്പന ചെയ്തത്. പ്രചരണത്തിന്റെ ഭാഗമായി നാടാകെ പോസ്റ്റുകള്‍ പതിപ്പിക്കാനും നിയ പ്രവര്‍ത്തകര്‍ക്കൊപ്പം അണിചേര്‍ന്നു. സ്വന്തം വീടിന്റെ ഭിത്തിയിലും പോസ്റ്റര്‍ പതിക്കാന്‍ നിയ മറന്നില്ല.
നിയ തയ്യാറാക്കിയ കയ്യെഴുത്ത് പോസ്റ്റര്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കവിതാലാപനം, ഡാൻസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നിയ ജൂനിയർ അബാക്കസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ അ‍ഞ്ചാം റാങ്ക് നേടിയിട്ടുണ്ട്. ആലപ്പുഴയില്‍ സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളില്‍ കുടുംബാംഗങ്ങളും അയല്‍പക്കത്തെ സിപിഐ പ്രവര്‍ത്തകരും ആവേശത്തോടെ പങ്കെടുക്കുന്നത് ശ്രദ്ധിച്ചിരുന്ന നിയ മെല്ലെ അവര്‍ക്കൊപ്പം പ്രചാരണത്തിലും കൂടുകയായിരുന്നു. ഓണാവധിക്ക് സമ്മേളന നഗരിയില്‍ കൊണ്ടുപോകണമെന്നും മുതിര്‍ന്ന നേതാക്കളെ പരിചയപ്പെടുത്തണമെന്നും ഇപ്പോഴേ മാതാപിതാക്കളോട് പറഞ്ഞ് ഉറപ്പുമേടിച്ചിരിക്കുകയാണ് ഈ കുഞ്ഞു കമ്മ്യൂണിസ്റ്റ്.

ഫോട്ടോ-
മുഹമ്മയില്‍ നടന്ന കുടുംബ സംഗമം വിജയിപ്പിക്കാനായി നിയ ശരത്ത് തയ്യാറാക്കിയ പോസ്റ്റര്‍ സ്വന്തം വീടിന് മുന്നില്‍ പതിപ്പിച്ചപ്പോള്‍.

Exit mobile version