Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്, സെമിനാര്‍ നാളെ

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് കാനം രാജേന്ദ്രൻ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. പാതിരപ്പള്ളി ഉദയാ ഗ്രൗണ്ടിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ പ്രധാനപ്പെട്ട 10 ടീമുകൾ മത്സരിക്കും. പൂൾ‑എ, പൂൾ‑ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. രാവിലെ 7.15ന് എംസിസി മണ്ണഞ്ചേരിയും കോബ്രാസ് ബിയും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് 8.15ന് ആർഷ് ആലപ്പിയും കൊമ്പൻസും തമ്മിലുള്ള മത്സരം നടക്കും. ഒമ്പത് മണിക്ക് എസ്ആർടി ടീമും ഭാവന ടീമും തമ്മിലുള്ള മത്സരം നടക്കും. പൂൾ- ബിയിൽ രാവിലെ 10ന് കോബ്രാ ടീമും എംടി ബോയ്സ് ടീമും മത്സരിക്കും. 11ന് സ്പാർട്ടൻസും സിറ്റി കിങ്ങും തമ്മിലുള്ള മത്സരം അരങ്ങേറും. സമ്മാനദാനം 11ന് അതുൽകുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ചിൽ) നടക്കും. 

സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നാളെ വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചിൽ ‘നാടകത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. കുക്കു പരമേശ്വരൻ, കരിവെള്ളൂർ മുരളി, പ്രമോദ് പയ്യന്നൂർ, ബൈജു ചന്ദ്രൻ, ജയസോമ, സുദർശനൻ വർണം, സി രാധാകൃഷ്ണൻ, പി ഡി കോശി എന്നിവർ പങ്കെടുക്കും. കെപിഎസി സെക്രട്ടറി എ ഷാജഹാൻ അധ്യക്ഷനായിരിക്കും. വൈകിട്ട് അഞ്ചിന് റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം നടക്കുന്ന തിരുവാതിര മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഏഴിന് റിയൽവ്യൂ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ‘ഷെൽട്ടർ’ നാടകവും ഉണ്ടായിരിക്കും. 

Exit mobile version