തലമുറകള്‍ കൈമാറിയെത്തിയ പോരാട്ടവീര്യത്തിന്റെ ഊര്‍ജ്ജവുമായി ചെറുപ്പക്കാരും, ഉജ്ജ്വല പോരാട്ടങ്ങളുടെ കെടാത്ത അഗ്നി മനസില്‍ നിറഞ്ഞുനില്‍ക്കുന്ന പഴയ തലമുറയും ഒത്തുചേര്‍ന്നപ്പോള്‍ സിപിഐ സംസ്ഥാന സമ്മേളനം നിലയ്ക്കാത്ത പോരാട്ടങ്ങള്‍ക്കുള്ള ആഹ്വാനമായി.
23 വയസുകാരനായ അര്‍ജ്ജുന്‍ മുരളീധരന്‍ മുതല്‍ 87 വയസുള്ള എം സി നാരായണന്‍ നമ്പ്യാര്‍ വരെയുള്ളവരാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയത്. പാര്‍ട്ടി സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റി അംഗം കൂടിയായ എം സി നാരായണന്‍ നമ്പ്യാര്‍ കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവാണ്. എഐഎസ്എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റാണ് അര്‍ജ്ജുന്‍.
84 വയസുള്ള കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പി എ നായര്‍, 83 കാരനായള്ള ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, എണ്‍പതാം വയസിലെത്തിയ ഭാര്‍ഗവി തങ്കപ്പന്‍ എന്നിവരും, 24കാരനായ എഐഎസ്എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി അസ്‌ലം ഷായും 25കാരായ പാലക്കാട് ജില്ലയിലെ മുഹമ്മദ് ഷിനാഫും തിരുവനന്തപുരത്തെ ശരണ്‍ ശശാങ്കനും കോട്ടയത്തെ നന്ദു ജോസഫും സമ്മേളനത്തിന് ആവേശം പകര്‍ന്നു.
പ്രതിനിധികളായെത്തിയവരില്‍ 35 വയസിന് താഴെയുള്ളവര്‍ 25 പേരാണ്. 76ന് മുകളില്‍ പ്രായമുള്ള 15 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച ക്രഡന്‍ഷ്യന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്‍വീനര്‍ വി പി ഉണ്ണികൃഷ്ണനാണ് ക്രഡന്‍ഷ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
200ലധികം പേര്‍ പൊലീസ് മര്‍ദ്ദനമേറ്റവരാണ്. അവര്‍ ഇപ്പോഴും ശാരീരിക അവശതകളെ അഭിമുഖീകരിക്കുന്നു.
രണ്ട് ദിവസം മുതല്‍ ആറ് മാസം വരെയുള്ള ജയില്‍വാസം അനുഭവിച്ചവരാണ് പ്രതിനിധികളിലെ 157 പേരുമെന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പോരാട്ടവീര്യം വെളിവാക്കുന്നു. 192 ദിവസമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ പ്രതിനിധി പി കെ രാജു ജയില്‍വാസം അനുഭവിച്ചത്. പുതിയ കാലത്തും പലവിധ കാരണങ്ങളാല്‍ ഒളിവില്‍ പോകേണ്ടിവന്നവരാണ് പ്രതിനിധികളില്‍ മറ്റ് ചിലര്‍. വിവിധ പാര്‍ട്ടികളില്‍ നിന്നായി സിപിഐയിലേക്കെത്തിയവരില്‍ ചിലരും സമ്മേളന പ്രതിനിധികളില്‍ ഉള്‍പ്പെടുന്നു. സിപിഐ(എം), കോണ്‍ഗ്രസ്, ആര്‍എസ്‌പി, സിഎംപി, ജനതാദള്‍(എസ്), മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് സിപിഐയിലെത്തിയവര്‍ സമ്മേളന പ്രതിനിധികളില്‍ ഉള്‍പ്പെടുന്നുവെന്ന് ക്രഡന്‍ഷ്യന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.