സിപിഐ സംസ്ഥാന സമ്മേളന നടത്തിപ്പിന് പണം കണ്ടെത്തുന്നതിനുള്ള ‘കുടുംബ ഹുണ്ടിക’ നേഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തകര്‍. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കൂലിപ്പണിക്കാരായ പ്രവര്‍ത്തകരും അധ്വാനത്തിന്റെ ഒരു വിഹിതം ഹുണ്ടികകളില്‍ കൃത്യമായി നിക്ഷേപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായ കാലം മുതൽ കേരളത്തിൽ നടപ്പിലാക്കി വന്നിരുന്ന രീതികളിൽ ഒന്നാണിത്. പഴയകാലത്ത് സമ്മേളനങ്ങൾ നടക്കുമ്പോൾ ഉല്പന്നപ്പിരിവും ഹുണ്ടി ബോക്സ് സ്ഥാപിച്ചുമായിരുന്നു അതിന്റെ ചെലവുകൾക്ക് വഴി കണ്ടെത്തിയിരുന്നത്. സ്വന്തമായി വീടില്ലാത്ത കൂലിപ്പണിക്കാരനായ തമ്പകചുവട്ടിലെ ബ്രാഞ്ചിലെ പ്രായം കൂടിയ അംഗം മണിയപ്പന്‍ നാല് മാസം കൊണ്ട് 1263 രൂപ ഹുണ്ടികയില്‍ നിക്ഷേപിച്ചു. ഈ പണത്തിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. ഇങ്ങനെ നിരവധി പ്രവര്‍ത്തകരാണ് ‘കുടുംബ ഹുണ്ടിക’ നെഞ്ചോട് ചേര്‍ത്ത് സമ്മേളനത്തിന് കരുത്താകുന്നത്.
പാർട്ടി അംഗങ്ങളിൽ നിന്നും കുടുംബ ഹുണ്ടിക ഏറ്റുവാങ്ങുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മേയ്ദിനത്തില്‍ സ്വാതന്ത്ര്യസമര സേനാനി പി കെ മേദിനിയിൽ നിന്നും ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. 43 വര്‍ഷങ്ങള്‍ക്കുശേഷമാണ് സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്.

