എന്നും ആവേശമാണ് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ. കേരളത്തിലെ പല ജില്ലകളിലെയും സഖാക്കളെ കാണുവാനും സംസാരിക്കാനുമുള്ള ഒരു അസുലഭ മുഹൂർത്തം കൂടിയാണത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശയ തെളിമയോടെ പ്രവർത്തിക്കുന്ന സിപിഐ പ്രവർത്തക ആയതിൽ അഭിമാനമുണ്ട്. മൂല്യ ബോധത്തിന്റെയും സത്യസന്ധതയുടെയും പോരാട്ടങ്ങളുടെയും പര്യായമായി മാറിയ എത്രയോ നേതാക്കളുടെ മുഖങ്ങൾ മനസിൽ അലകടൽ പോലെ അലയടിക്കുന്നുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി സിപിഐ നേതാക്കളായ മന്ത്രിമാരും ജനമനസുകളിലുണ്ട്. പാർട്ടി മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് പാവങ്ങളുടെ ഉന്നമനത്തിനായി അവർ നിലകൊണ്ടു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിക്കാൻ പാർട്ടി അവസരം തന്നു. മാനുഷിക പ്രശ്നങ്ങൾ ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആയിരുന്നു പ്രവർത്തനം. ദീർഘകാലം തൊഴിൽ സമരംമൂലം പൂട്ടിക്കിടന്ന പല ഫാക്ടറികളും അക്കാലത്ത് തുറക്കുവാൻ കഴിഞ്ഞത് ഇന്നും ആത്മസംതൃപ്തി നൽകുന്നു. പാർട്ടി പിന്തുണയും നേതാക്കളുടെ ഇടപെടലുകളുമാണ് അതിന് കാരണമായത്.
ഇരുണ്ട കാലത്ത് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനം:ഫ്രാൻസിസ് ടി മാവേലിക്കര
ഇരുണ്ട കാലത്ത് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് സിപിഐ. എന്റെ തലമുറ കമ്മ്യൂണിസം പഠിച്ചത് സി ഉണ്ണിരാജ, എൻ ഇ ബൽറാം, സി അച്യുതമേനോൻ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമായിരുന്നു. അത്രയേറെ തലപൊക്കവും ഉൾക്കാമ്പുമുള്ള നേതാക്കളായിരുന്നു അവർ. ഞാൻ ഏറ്റവും കൂടുതൽ കേട്ട വെളിയം ഭാർഗവൻ ആശാന്റെ പ്രസംഗവും ഏറെ സ്വാധീനിച്ചിട്ടുണ്ട്. കമ്മ്യൂണിസം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വിഷയമായി വന്നത്. വേദവും ഉപനിഷത്തുമെല്ലാം അദ്ദേഹം പ്രസംഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ അത് കേൾക്കുന്നവർക്ക് നൂറ് പുസ്തകം വായിക്കുന്നതിന് തുല്യമായിരുന്നു. സി കെ ചന്ദ്രപ്പന്റെ പ്രസംഗവും ഏറെ ആകർഷിച്ചു. കെപിഎസിക്ക് വേണ്ടി നാടകം എഴുതുന്നതിനാൽ ഇവരുമായെല്ലാം നല്ല ബന്ധം ഉണ്ടായിരുന്നു. കല, സാംസ്കാരിക പ്രവർത്തകർ ഏറെ പ്രതീക്ഷയോടെയാണ് സിപിഐയെ നോക്കി കാണുന്നത്. സംസ്ഥാന സമ്മേളനത്തിന് എല്ലാവിധ ഭാവുകങ്ങളും.
രാഷ്ട്രീയ ബദലിന് സമ്മേളനം വഴിയൊരുക്കട്ടെ: സന്തോഷ് വർമ്മ
ജനാധിപത്യത്തിന്റെ രൂപഭേദങ്ങളിലൊന്നാണ് ആവിഷ്കാര സ്വാതന്ത്ര്യം. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും ആവിഷ്കാര സ്വാതന്ത്ര്യമാണ്. ഭരണാധികാരം വർഗീയതയിലേയ്ക്ക് കേന്ദ്രീകരിച്ചപ്പോൾ വന്ന പരിണാമമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. വിരുദ്ധ ചേരിയിലുള്ള രാഷ്ട്രീയക്കാർ മാത്രമല്ല, ഭരണകൂടത്തിന് അനിഷ്ടമാവുന്ന രചനകൾ നടത്തുന്ന എഴുത്തുകാരും ചലച്ചിത്ര, നാടകകാരന്മാരുമെല്ലാം രാജ്യത്ത് പലേടത്തും അതിക്രമത്തിനിരയാവുന്നു. ഇതിനൊരു മാറ്റമുണ്ടായേ തീരൂ. ജനാഭിലാഷങ്ങൾക്കൊത്ത് പ്രതികരിക്കാൻ ഒരു പുതിയ രാഷ്ട്രീയ ബദൽ രാജ്യത്ത് ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സിപിഐ സമ്മേളനം അതിനുള്ള പാതയൊരുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പോരാട്ടത്തിന് അഭിവാദ്യങ്ങൾ: മാധവൻ പുറച്ചേരി
ജനാധിപത്യത്തിനും പൗരാവകാശത്തിനും മതേതര ഇന്ത്യയ്ക്കും വേണ്ടി നിരന്തരം പോരാട്ടം നടത്തേണ്ടിവരുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24ാം പാർട്ടി കോൺഗ്രസ് നടക്കാൻ പോകുന്നത്. വൈവിധ്യപൂർണമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ നുണകൾ കൊണ്ട് മായ്ച്ചുകളയാനുള്ള പരിശ്രമങ്ങൾ സർക്കാരുകൾ തന്നെ നടത്തുന്ന ഭീതിദമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.” ഇന്ത്യയിലെ ജനാധിപത്യം ഇപ്പോഴും ഒരു മുഖം മിനുക്കലാണ്. അടിസ്ഥാനപരമായി നോക്കുമ്പോൾ അത് ജനാധിപത്യരഹിതമാണ്” എന്ന് അബേദ്കർ ചൂണ്ടിക്കാട്ടിയതിൽ നിന്നും ഇനിയും നമുക്ക് മുന്നോട്ടു പോകാനായിട്ടില്ല. ദളിതരും ആദിവാസിയും ദരിദ്രരും കൂടുതൽ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റുകളുടെ ഇംഗിതത്തിനനുസരിച്ച് സർക്കാരുകൾ പ്രവർത്തിക്കുകയും മഹാഭൂരിപക്ഷം വരുന്ന മനുഷ്യർ പാപ്പരാവുകയും ചെയ്യുകയാണ്. വർഗീയ കലാപങ്ങൾക്ക് സർക്കാർ തന്നെ ഒത്താശ ചെയ്യുന്ന കാഴ്ചകൾ വർധിക്കുന്നു. നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനു പകരം ജനതയെ നമ്മിലടിപ്പിക്കുന്ന വംശീയ വർഗീയ അജണ്ടകളാണ് നടപ്പാക്കുന്നത്. ഈ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഗുണപരമായ ഇടപെടൽ ശേഷി വർധിക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനകീയ ഐക്യം ഊട്ടിയുറപ്പിക്കാനും സമത്വസുന്ദരമായ ജീവിതത്തിനും വേണ്ടി നിരന്തരമായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയണം. ലിംഗസമത്വത്തിന്റെയും അവസര സമത്വത്തിന്റെയും മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിൽ ഉയരേണ്ടതുണ്ട്. ഭരണാധികാരികൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ സേവകരാകുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിത സാക്ഷ്യമാകേണ്ടത് കമ്മ്യൂണിസ്റ്റുകാരാണ്. പാർലമെന്റിലെ പരിമിതമായ സാന്നിധ്യത്തിനപ്പുറം വലിയ സമരസന്നദ്ധത കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റുകളുടെ പകൽക്കൊള്ളകളെ നേരിടുക പരമപ്രധാനമാണ്. രാജ്യത്തിന്റെ ഭരണഘടനയും പരമാധികാരവും ഉയർത്തിപ്പിടിക്കാനും എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ജനജീവിതത്തിന് ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നേരിടുകയും മനുഷ്യസ്നേഹത്തിന്റെ പക്ഷത്തു നിലയുറപ്പിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന പോരാട്ടത്തെ അഭിവാദ്യം ചെയ്യുന്നു. ഐക്യകേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മഹത്തായ സംഭാവനകൾ നൽകിയ പാർട്ടി എന്ന നിലയിൽ ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ശബ്ദമായി മാറേണ്ടതുണ്ട്. അധികാരത്തിന്റെ യുക്തികളല്ല ജനകീയ മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഇരു കമ്മ്യൂണിസ്റ്റ്പാർട്ടികളും മാത്രമല്ല, മറ്റ് ഇടതുപക്ഷ ഗ്രൂപ്പുകളും ഒന്നാകേണ്ടതിന്റെ ആവശ്യകത നാൾക്കുനാൾ വർധിക്കുകയാണ്. സമരം ചെയ്താൽ പെട്രോൾ വില കുറയുമോ എന്ന ചോദ്യം ചോദിക്കുന്ന സിനിമാനടൻ മുതൽ എല്ലാ സമരങ്ങളെയും പരിഹസിക്കുന്ന മാധ്യമവിചാരണ വരെ നമുക്കു മുന്നിലുണ്ട്. ജനകീയ പോരാട്ടങ്ങളെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രധാന കടമയെന്ന് വിശ്വസിക്കുന്നു. പോരാട്ടം ഒരു റെഡി ടു കുക്ക് മിശ്രിതമല്ല. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടു മുന്നേറാൻ കഴിയണം. മനുഷ്യനെ ജൈവിക ആവാസവ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിക്കാൻ മുതലാളിത്തം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നവ പരിസ്ഥിതി ബോധത്തിന്റെ ഊർജം കൂടി സംഭരിച്ചാൽ മാത്രമേ നവ മുതലാളിത്തത്തെ പ്രതിരോധിക്കാനാവൂ. അതിരപ്പള്ളിയും സൈലന്റ് വാലിയും പ്ലാച്ചിമടയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിസ്ഥിതി രാഷ്ട്രീയത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന സമ്മേളനം ഇത്തരം പ്രശ്നങ്ങളെ ഗൗരവമായി ചർച്ച ചെയ്യുകയും ജനപക്ഷത്തു നിന്നുകൊണ്ടുള്ള തീരുമാനം എടുക്കുകയും ചെയ്യുമെന്നുറപ്പുണ്ട്. കേരളത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രയാണത്തിന് കരുത്ത് പകരാൻ സമ്മേളനത്തിന് കഴിയട്ടെ.
വികസനവും ബദല്‍നയവും കൊണ്ടുവന്ന പാര്‍ട്ടി: രശ്മി കൃഷ്ണന്‍
കര്‍ഷകരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ആവേശവും പ്രത്യാശയുമായ ഇടതുഭരണത്തിന്റെ നെടുംതൂണായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഇത്തവണ തലസ്ഥാന നഗരയിലാണ് നടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന പ്രമുഖ വകുപ്പുകളിലെല്ലാം വിപ്ലവകരമായ വികസനവും ബദല്‍നയവും കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക വികസന മേഖലയിലെ പദ്ധതികളെല്ലാം ഇതിന് ദൃഷ്ടാന്തവുമാണ്. നെല്‍ക്കൃഷിയിലും പച്ചക്കറി വികസന രംഗത്തും, വിള ഇന്‍ഷുറന്‍സ് മേഖലയിലുമെല്ലാം വരുത്തിയ മാറ്റങ്ങളാണ് സാധാരണക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതും മികച്ച പ്രവര്‍ത്തകരുള്ള പാര്‍ട്ടിയെന്ന ഖ്യാതി നേടിത്തന്നതും. കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ഉണര്‍വും ആവേശവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നമ്മുടെ നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ നയങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗൗരവത്തോടെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സിപിഐ സംസ്ഥാന സമ്മേളനത്തിന് കെജിഒഎഫ് വനിതാ കമ്മിറ്റിയുടെ അഭിവാദ്യങ്ങള്‍.
വലിയ പ്രതീക്ഷ: വിജയരാജമല്ലിക
കോർപറേറ്റ് സാമ്പത്തിക ശക്തികളും, തീവ്രമത ഫാസിസ്റ്റുകളും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ വലിയ തോതിൽ വിഴുങ്ങാൻ വെമ്പുന്ന ഈ കാലഘട്ടത്തിൽ, 2022സെപ്റ്റംബർ 30മുതൽ ഒക്ടോബർ 3വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഇതുപോലൊരു സുസ്ഥിര മതനിരപേക്ഷ പാർട്ടിയുടെ സംസ്ഥാന സമ്മേളനം വലിയ പ്രതീക്ഷയേകുന്നു. കേരളത്തിനു പുറത്ത് ഇന്ത്യയിലും ചരിത്രത്തിന്റെ ഭാഗമായ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
പ്രതീക്ഷ നല്‍കുന്ന രാഷ്ട്രീയ മുന്നേറ്റം: ഇ ജെ ജോസഫ്
രാജ്യം അപകടകരമാം വിധം മതവൽക്കരണത്തിലേക്കും രാഷ്ട്രീയ രംഗം മൂല്യശോഷണത്തിലേക്കും നീങ്ങുന്ന ഈ കാലത്ത് പ്രതീക്ഷ നൽകുന്ന ചില ശബ്ദങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഐ. രാഷ്ട്രീയരംഗം ശുദ്ധീകരിക്കാൻ ആവശ്യമായ സ്വരങ്ങൾ ഉയർത്താനുള്ള ആർജവം ഈ പാർട്ടിക്കുണ്ട്. സിപിഐ സംസ്ഥാന സമ്മേളനത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു.
വിശാല ദേശീയ ഐക്യം ഉറപ്പാക്കുക: പ്രൊഫ. കെ അരവിന്ദാക്ഷൻ
കൊല്ലത്ത് നടന്ന സിപിഐ 23-ാം പാർട്ടി കോൺഗ്രസിന് ശേഷം കോവിഡ് മഹാമാരിയെ തുടർന്ന് പൊതുജീവിതം താറുമാറായതിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം വൈകിയാണല്ലോ 24-ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ ചേരാൻ ഇരിക്കുന്നത്. രണ്ട് പാർട്ടി കോൺഗ്രസുകൾക്കിടയിൽ സാർവ ദേശീയ, ദേശീയ സംസ്ഥാനതലങ്ങളിൽ ദൂരവ്യാപകമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. റഷ്യ‑ഉക്രെയ്ന്‍ ഏറ്റുമുട്ടൽ മുഴുവൻ ലോകരാഷ്ട്രങ്ങൾ വിശിഷ്യ ഇന്ത്യയെ പോലുള്ള വികസിത രാഷ്ട്രത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾക്ക് അനുകൂലമായ വിധിയെഴുത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാരണം ദേശീയതലത്തിൽ നമുക്ക് ഇന്ന് നേരിടേണ്ടി വരുന്നത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ തന്നെയാണ്. മോഡിയുടെ രണ്ടാം വരവോടെ പാർലമെന്ററി ജനാധിപത്യവും മതനിരപേക്ഷതയും മാത്രമല്ല, അവ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങളെ തന്നെ നിഷ്പ്രഭമാക്കി കൊണ്ടിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതി രാജ്യത്തെ നിർണായക വിഭാഗമായ മത ന്യൂനപക്ഷങ്ങളെ ദേശീയ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ്. ഹരിജൻ ആദിവാസി വിഭാഗങ്ങൾക്ക് മാന്യമായ സ്ഥാനം നൽകും എന്ന് പ്രഖ്യാപിക്കുകയും അതിന്റെ പേരിൽ ഒരു ആദിവാസി വനിതയെ രാഷ്ട്രപതി ആക്കിയതുകൊണ്ടും ഈ വിഭാഗത്തിൽ പെടുന്നവർക്ക് ആത്മവിശ്വാസം പകരുന്നില്ല. അതുപോലെ തന്നെ സ്ത്രീസുരക്ഷയെ പറ്റി വാചാലരാകുന്നതിനൊപ്പം മനുവാദത്തിന്റെ പേരിൽ സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ സ്ഥാനം നിഷേധിക്കുന്ന നടപടികളും മുറയ്ക്ക് നടക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് നമുക്കെല്ലാം ബോധ്യമുള്ളതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ സിപിഐ സമ്മേളനങ്ങൾക്ക് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുക, കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ ഉറച്ചു നിൽക്കുക എന്ന മാർഗം മാത്രമേ തുറന്നു കിട്ടുകയുള്ളു. അതോടൊപ്പം സംഘ്പരിവാർ ശക്തികളുടെയും അവയുടെ രാഷ്ട്രീയ രൂപമായ ബിജെപിയെയും അധികാരത്തിൽ നിന്നും പുറത്താക്കാൻ പൊതുപുരോഗമന മതനിരപേക്ഷ ശക്തികളുടെ വിശാല ദേശീയ ഐക്യം ഉറപ്പാക്കുകയും വേണം. രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ബലികഴിക്കാനുള്ള പ്രവണത പൂർണമായും ഒഴിവാക്കുക തന്നെ വേണം. ഇതെല്ലാം ആയിരിക്കട്ടെ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും അജണ്ട.
ആശംസകൾ: വിനയൻ
സിപിഐ 24-ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന സമ്മേളനം സമകാലീന രാഷ്ട്രീയ, സാമൂഹ്യ, സാഹചര്യങ്ങളിൽ ഏറെ പ്രസക്തവും പ്രാധാന്യമേറുന്നതുമാണ്. മതേതരത്വവും ജനാധിപത്യവും ചർച്ചകളിൽ മാത്രം ഒതുങ്ങുകയും വർഗീയതയും വിദ്വേഷവും ഏകാധിപത്യവും നടപ്പാക്കുകയും ചെയ്യുന്ന കാലത്ത്, നേരിന് വേണ്ടി ശക്തമായി നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായും, തിരുത്തൽ ശക്തിയായും അശരണർക്കും പാവപ്പെട്ടവർക്കും അത്താണിയായും മാറാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക് കഴിയട്ടെ എന്നും ഞാൻ ആശംസിക്കുന്നു.
വിപ്ലവ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ മാതൃക: രാധാകൃഷ്ണൻ പെരുമ്പള
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ കോൺഗ്രസും അതിനു മുന്നോടിയായുള്ള വിവിധ ഘടക സമ്മേളനങ്ങളും സഖാക്കളെ സംബന്ധിച്ചിടത്തോളം ആവേശദായകമായ സന്ദർഭങ്ങളാണ്. വർഷങ്ങൾക്കു മുമ്പ് പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തതിന്റെ തിളക്കമുള്ള ഓർമ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അനുഭവത്തിലും രാഷ്ട്രീയ‑ചരിത്രപരമായ പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ള എന്റെ ഉറച്ച ബോധ്യം, സിപിഐ സമ്മേളനങ്ങളിൽ നടക്കുന്ന വിമർശന- സ്വയം വിമർശനപരമായ ചർച്ചകളും ജനാധിപത്യപരമായ തെരഞ്ഞെടുപ്പും ഏതൊരു വിപ്ലവ ജനാധിപത്യ പ്രസ്ഥാനത്തിനും മാതൃകയാണെന്നാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പൊരുതി മരിച്ച, കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും ഉൾപ്പെടെയുള്ള പടനിലങ്ങളിൽ നിന്നുമുള്ള എണ്ണമറ്റ രക്തസാക്ഷികളുടേയും പിൽക്കാലത്ത് ജനകീയാധികാരം സ്ഥാപിച്ച് ഭൂപരിഷ്കരണമുൾപ്പെടെ നടപ്പാക്കി ജന്മിത്വം അവസാനിപ്പിച്ച് ആധുനിക കേരളത്തിന് അടിത്തറയിട്ട ആർജവമുള്ള നേതാക്കളുടെയും പാർട്ടിയായ സിപിഐയ്ക്ക് പുതിയ സാഹചര്യങ്ങളിലും അതിന്റെ വ്യക്തിത്വം നിലനിർത്തി മുന്നേറേണ്ടതുണ്ട്. 24-ാം പാർട്ടി കോൺഗ്രസ് സമ്മേളിക്കുമ്പോൾ രാജ്യത്തെ തൊഴിലാളി വർഗത്തിന്റെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളുടെയും കരുത്തുറ്റ ഈ രാഷ്ട്രീയ പാർട്ടിയുടെ മുന്നിൽ ഗൗരവതരമായ ഒട്ടേറെ ദൗത്യങ്ങളാണുള്ളത്. രാജ്യം ഫാസിസ്റ്റ് ശക്തികളുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയും സാംസ്കാരിക വൈവിധ്യവും മനുഷ്യർക്കിടയിലുള്ള സൗഹാർദ്ദാന്തരീക്ഷവും സംരക്ഷിക്കുന്നതിനു വേണ്ടി ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും നീക്കാൻ ഉതകുന്നതരത്തിലുള്ള മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്താനുള്ള ശ്രമത്തിൽ സക്രീയമായി ഇടപെടുകയും ആവശ്യമെങ്കിൽ അത്തരമൊന്നിനു മുൻകൈയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ, ഫാസിസ്റ്റുകൾ സംസ്കാരത്തിലാണ് പ്രധാനമായും ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ മതങ്ങളെ അടിസ്ഥാനമാക്കിയുള്ള അവരുടെ വ്യാജമായ സംസ്കാര നിർമ്മിതികൾക്കെതിരെ ജനകീയമായ ബദൽ സംസ്കാരം ഉയർത്തിക്കൊണ്ടുവരികയെന്ന ദൗത്യം. അതു കൊണ്ടു തന്നെ കേവലമായ രാഷ്ട്രീയ സമരങ്ങളിൽ ഒതുങ്ങിനിൽക്കാതെ സാംസ്കാരിക രംഗത്ത് കൂടി ശ്രദ്ധയൂന്നി സർഗാത്മകമായി പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തി. പുതിയ കാലത്ത് പൊതുജനാഭിപ്രായ രൂപീകരണങ്ങൾക്ക് പ്രധാന വേദികളാകുന്ന പത്ര‑ദൃശ്യമാധ്യമ രംഗത്ത് നിലവിലുള്ളവ ശക്തമാക്കിക്കൊണ്ടും പുതിയവ സൃഷ്ടിച്ചു കൊണ്ടും സമൂഹമാധ്യമരംഗത്ത് മികവുറ്റ ദൗത്യസേനകളെ വിന്യസിച്ചുകൊണ്ടും ഫലവത്തായി ഇടപെടേണ്ടതിന്റെ അനിവാര്യത ഏറെയാണ്. ഇടതുപക്ഷ സർക്കാരിൽ പങ്കാളിയായ പാർട്ടി ജനക്ഷേമകരമായ ഭരണനടപടികൾക്ക് നേതൃത്വം നൽകുമ്പോൾ തന്നെ മുന്നണിയിൽ ഐക്യവും സമരവും എന്നതിൽ ഉറച്ചുകൊണ്ട്, മുൻ കാലങ്ങളിലെന്നതു പോലെ ഒരു തിരുത്തൽ ശക്തിയാവേണ്ടതിന്റെയും അഴിമതിയും ധൂർത്തും വികസനത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതിചൂഷണവും തടയാൻ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെയും ഇടതു ജനാധിപത്യ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാത്തരം സമഗ്രാധിപത്യ പ്രവണതകളെയും രാഷ്ട്രീയമായും സാംസ്കാരികമായും ചെറുക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നു വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
വർഗീയതയെ ചെറുക്കാന്‍: ലതിക സുഭാഷ്
രാജ്യത്ത് വർധിച്ച് വരുന്ന വർഗീയതയെ ചെറുക്കുവാനുള്ള വലിയ തയാറെടുപ്പ് നടത്തേണ്ട സമയമാണ് വന്ന് ചേർന്നിരിക്കുന്നത്. അതിനായി ഇടതുപക്ഷ ശക്തികൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട് . അത് കൊണ്ട് തന്നെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലെ പ്രധാന ഘടക കക്ഷികളിൽ ഒന്നായ സിപിഐ യുടെ സംസ്ഥാന സമ്മേളനത്തിനു ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ഏതൊരു പ്രസ്ഥാനത്തെയും ഊതിക്കാച്ചി കരുത്തുറ്റതാക്കി മുന്നോട്ട് നയിക്കാൻ ഉള്ള വേദിയാണ് സമ്മേളനങ്ങൾ. ഇടത് പക്ഷത്തെ മുൻ നിരയിൽ നിന്ന് നയിക്കേണ്ട പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് എല്ലാ ആശംസകളും നേരുന്നു.