Site iconSite icon Janayugom Online

ആശയങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രം കുത്തകയല്ല: രാജാജി

നവോത്ഥാന പോരാട്ടങ്ങളിലൂടെ സാമൂഹികമായും സാംസ്കാരികമായും നാം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വശ്രമങ്ങളെ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടണമെന്ന് ജനയുഗം പത്രാധിപരും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ രാജാജി മാത്യു തോമസ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കഴക്കൂട്ടത്ത് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍, മതേതരത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിനെ ജാതിയുടെയും സമുദായത്തിന്റെയും ഭാഗമാക്കാനും ശ്രമിക്കുകയാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന സത്യം ഉയര്‍ത്തിപ്പിടിക്കാനാണ് നവോത്ഥാന പ്രസ്ഥാനം ശ്രമിച്ചത്. എന്നാല്‍ സ്ത്രീകള്‍‍ അശുദ്ധകളാണെന്ന് വരുത്തിതീര്‍ക്കുകയും അവര്‍ ചിലയിടങ്ങളില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് നമ്മള്‍ തിരസ്കരിച്ച അന്തഃവിശ്വാസവും അനാചാരവും പോലുള്ള ചിന്തകളെ മറ്റൊരു തരത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം.

നവോത്ഥാനത്തെ കുറിച്ച് സംസാരിക്കാത്ത രാഷ്ട്രീയ‑സാമുദായിക നേതാക്കളുണ്ടാവില്ല. എല്ലാവരും അതിന്റെ കുത്തക അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എന്താണ് നവോത്ഥാനമെന്ന് പരിശോധനകള്‍ക്ക് വിധേയമാക്കണം. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന അതി നിന്ദ്യമായ ജാതിവിവേചനത്തിനും അത് അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ ജീവിതസാഹചര്യങ്ങളോടുമുള്ള വിപ്ലവകരമായ പ്രതികരണമായിരുന്നു നവോത്ഥാന പ്രസ്ഥാനം. ഒരേ കാലഘട്ടത്തില്‍ ജീവിച്ച ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അയ്യാസ്വാമിയുമെല്ലാം പരസ്പരം സംവദിച്ചും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് നാടിന്റെ സാമൂഹികമായ മാറ്റത്തിന് ശ്രമങ്ങള്‍ നടത്തിയത്. കടല്‍ക്കടന്ന് യാത്രചെയ്യാന്‍ ഹിന്ദുമതം അനുവദിക്കാതിരുന്ന കാലത്ത് സിംഗപ്പൂരിലും ആഫ്രിക്കയിലുമെല്ലാം സഞ്ചരിച്ച് ഇംഗ്ലീഷ് ഭാഷ പഠിക്കുകയും അവിടങ്ങളിലെ പണ്ഡിതന്മാരുമായി സംവദിക്കുകയും ചെയ്ത ചട്ടമ്പി സ്വാമികള്‍ക്ക് അതിന്റേതായ ചിന്തകള്‍ ഉണ്ടായിട്ടുണ്ട്. വൈദേശികമായ ഏതൊരു നന്മയെയും സ്വീകരിക്കുന്നത് തെറ്റൊന്നുമല്ല. ഇന്നിപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ കമ്മ്യൂണിസ്റ്റുകാര്‍ വൈദേശിക ആശയത്തെ സ്വീകരിച്ചവരാണെന്നാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഉള്‍ക്കൊണ്ടത് ഇവിടത്തെ സവിശേഷമായ സാഹചര്യത്തില്‍ സാമൂഹികമായ മാറ്റം ലക്ഷ്യമാക്കിയാണ്. ലോകത്ത് നിലനില്‍ക്കുന്ന എല്ലാതരം വിവേചനങ്ങള്‍ക്കും അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരായി ഉയര്‍ന്നുവന്ന ആശയമാണ് കമ്മ്യൂണിസം. അത് കോടാനുകോയി ലോകജനതയുടം പ്രതീക്ഷയാണ്.

ആരിഫ് മുഹമ്മദ് ഖാന്‍‍ പണ്ഡിതനാണെങ്കിലും ലോകസംസ്കാരത്തെക്കുറിച്ച് തെറ്റായ ധാരണയുള്ള ആളാണ്. അദ്ദേഹം പറയുന്നു, താന്‍ ആര്‍എസ്എസിനും അതിന്റെ ആശയത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന്. ആര്‍എസ്എസ് നേതാക്കളെ കാണുന്നതിനോ സ്വീകരിക്കുന്നതിനോ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയേണ്ടത്, ആര്‍എസ്എസിന്റെയും അതിന്റെ ആശയത്തിന്റെയും ഉറവിടം ഈ മണ്ണല്ലെന്നതാണ്. അങ്ങനെ പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന രീതിയും വൈദേശികമാണെന്ന വസ്തു രേഖകളുടെ തെളിവുകള്‍ നിരത്തി സ്ഥാപിക്കാനാവും. ഇറ്റലിയില്‍ മുസോളനിയുടെ ഫാസിസവും ജര്‍മ്മനിയിലെ ഹിറ്റ്ലറുടെ നാസിസവുമാണ് ആര്‍എസ്എസിന്റെ പ്രചോദനം. ഇവിടെ നിന്നുള്ള നേതാക്കള്‍ ഈ രണ്ട് രാജ്യങ്ങളിലെയും നേതാക്കളെ നേരില്‍ക്കണ്ട് ഉപദേശങ്ങള്‍ സ്വീകരിച്ചാണ് ഇന്ത്യയില്‍ ആര്‍എസ്എസ് രൂപീകരിക്കുന്നതെന്നും രാജാജി വിവരിച്ചു.

ലോകത്ത് എവിടെ ആയാലും ഒരുത്തിരിയുന്ന ആശയം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പേറ്റന്റോ കുത്തകയോ അല്ല. ലോകത്തെ ഏതെങ്കിലും ഒരു വിഭാഗം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളും സങ്കല്പങ്ങളും എല്ലാം വൈദേശികമാണെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്താനും ആവില്ല. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടേറെ ആശയങ്ങളും ഇത്തരത്തില്‍ ലോകത്തിന്റെ പല സംസ്കാരങ്ങളില്‍ അവരുടേതായി സ്വീകരിക്കുന്നുണ്ട്. തിരച്ച് നമ്മളും സ്വീകരിച്ചിട്ടുണ്ട്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി വന്നശേഷം ‘ഭാരതീയം’ എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗ ലോകത്തെങ്ങും ഓരോ നാടിന്റെയും സംസ്കാരത്തിനിണങ്ങുംവിധം പ്രാബല്യത്തിലുണ്ട്. മനുഷ്യന് പ്രയോജനമുണ്ടെന്ന് തോന്നുന്ന എല്ലാം ഇന്ന് പരസ്പരം സ്വീകരിക്കുന്നതാണ് ലോക സംസ്കാരം. വൈദ്യുതി കണ്ടുപിടിച്ചത് ഒരു രാജ്യത്താണെങ്കില്‍ ബള്‍ബ് മറ്റൊരിടത്തായിരിക്കാം കണ്ടെത്തിയത്. എന്നുവച്ച് വൈദേശികമാണെന്ന് കരുതി ഏതെങ്കിലും രാജ്യങ്ങള്‍ ഇവ രണ്ടും ഉപേക്ഷിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുന്നത് ഇന്ത്യയില്‍ വിദേശികള്‍ കടന്നുവരാന്‍ തുടങ്ങിയതോടെയാണ്. വാസ്കോ ഡ ഗാമയ്ക്കുപിറകെ പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പലവിധ ലക്ഷ്യങ്ങളോടെ ഇന്ത്യയിലെത്തി. അവരെല്ലാം അവരുടേതായ സംസ്കാരവും ജീവിതക്കാഴ്ചപാടുകളും നമുക്കിടയില്‍ പ്രചരിപ്പിക്കാനും ബോധപൂര്‍വമോ അല്ലാതെയോ ശ്രമിച്ചു. അവരുടെ മതങ്ങള്‍ ഇവിടെ സ്ഥാപിച്ചു. അറബികളും അവരുടെ മതം ഇവിടെ സൃഷ്ടിച്ചു. ഇവിടെയുണ്ടായവര്‍ പലരും മുസ്‍ലിമും ക്രിസ്ത്യാനിയുമായി. അതിലേക്ക് നയിച്ച സാഹചര്യങ്ങളും പശ്ചാത്തലവും എന്താണെന്ന് പരിശോധിക്കണം. നവോത്ഥാന പോരാട്ടത്തിന് നേതൃത്വം നല്‍കിയ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം പിറവികൊണ്ട രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷവും ചര്‍ച്ചചെയ്യണം. മാന്യമായി മേല്‍വസ്ത്രം ധരിച്ച് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവന്റെ മുന്നില്‍ വന്നുനില്‍ക്കാന്‍ കഴിയാത്ത, അടിമക്കച്ചവടം നിലനിന്നിരുന്ന, സവര്‍ണര്‍ക്കുമുന്നില്‍ എത്ര ചുവട് അകെ നില്‍ക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്ന, അതിനെയെല്ലാം ധിക്കരിക്കാന്‍ മുതിരുന്നവരുടെ ജീവന്‍ ഏറ്റവും ക്രൂരമായി കവരുന്ന, കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്ന ഒരു സാമൂഹികാവസ്ഥ ഇവിടെ നിലനിന്നിരുന്നു. മാന്യമായി മേല്‍മുണ്ട് ധരിക്കാനുള്ള സ്വാതന്ത്ര്യം സ്വപ്നംകണ്ടാണ് പലരും ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതവും ഇസ്‍‌ലാം മതവും സ്വീകരിച്ചത്. അങ്ങനെ മതം മാറിപ്പോകുന്നവര്‍ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന പോലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന തിട്ടൂരംപോലുമുണ്ടായിരുന്നു. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് ശ്രീനാരായണ ഗുരുവുള്‍പ്പെടെയുള്ള തത്വചിന്തകരും നവോത്ഥാന നായകരും ജനിക്കുന്നത്.

എനിക്കും നിനക്കും വസ്ത്രം ധരിക്കാന്‍ അവകാശം ഉണ്ടെന്ന സ്വതന്ത്രചിന്ത ഉണ്ടായതില്‍ വൈദേശിക ആശയങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും കോളനി മേധാവികളും ഇവിടത്തെ മനുഷ്യരെ അടിമകളാക്കിയവരും ആയിരുന്നെങ്കിലും നമ്മുടെ സാംസ്കാരിക അഭ്യുന്നതിക്കായി നല്‍കിയ സംഭാവനകള്‍ നിഷേധിക്കാനാവില്ല. ഇന്ന് ഇവിടെ കാണുന്നതുപോലെ മതം രാഷ്ട്രീയത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും മതത്തിന്റെ നീരാളിപ്പിടിത്തത്തില്‍ രാഷ്ട്രം ഒതുങ്ങുകയും മത പറയുന്നത് അനുസരിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതമാവുകയും ചെയ്ത ഒരു കാലം യൂറോപ്യയിലും ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ അവരെ ഏറെ സ്വാധീനിച്ചത് അതിനെതിരെ അവിടെ നടന്ന നവോത്ഥാന പോരാട്ടങ്ങളായിരുന്നു. ഉയര്‍ന്ന യുക്തിചിന്ത ഉയര്‍ത്തിപ്പിടിക്കുകയും ജനങ്ങളെ മാറ്റത്തിനായി അണിനിരത്തുകയും ചെയ്തു. പരമ്പരാഗത ആചാരങ്ങളും അവരുടെമേല്‍ അടിച്ചേല്‍പ്പിരുന്ന ചങ്ങലകളും വലിച്ചെറിയാനും സ്വതന്ത്രമായി ചിന്തിക്കാനും തുടങ്ങി. ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും അവരുടെ രീതികളില്‍ ജീവിക്കാന്‍ പഠിപ്പിച്ചു. ആ ചിന്തയും ആശയങ്ങളും യൂറോപ്യയില്‍ മാത്രം ഒതുങ്ങിയില്ല. അവര്‍ പോയ ഇടങ്ങളിലെല്ലാം ആ ചിന്തകളുണ്ടായിട്ടുണ്ട്. രാജാജി പറഞ്ഞു.

Exit mobile version