സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ‘സർഗ സംഗമം’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കലാ-സാംസ്കാരിക‑കായിക‑സിനിമാ-നാടക രംഗത്തെ നൂറോളം പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതായി പൊതു അഭിപ്രായം തേടാൻ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം മുൻകൈയെടുത്താണ് പരിപാടി നടത്തിയത്. വിമർശനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഉൾക്കൊള്ളുന്നതായും അഭിപ്രായങ്ങളെ പൊള്ളയായ ഫ്രെയിമിൽ ഒതുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്നും നല്ലതിനെ ഉൾക്കൊണ്ട ചരിത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു അഭിപ്രായം തേടാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം പരിപാടിയിൽ പ്രമുഖരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. ക്രിയാത്മകമായ ചർച്ചയാണ് സർഗ സംഗമത്തിൽ ഉണ്ടായത്. സർഗാത്മക രംഗത്തെ അപചയങ്ങളായിരുന്നു ചര്‍ച്ചയിൽ മുന്നിട്ട് നിന്നത്. കലാരംഗത്തെ വിശാല ആശയങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുറുകെ പിടിക്കണമെന്ന് അഭിപ്രായം ഉയർന്നു. കെപിഎസി ചന്ദ്രശേഖരന്റെ സ്വാഗത ഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗണ്‍സില്‍ അംഗം വി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

