നിരവധി പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് കേരളത്തിലെ സ്ത്രീകള്‍ മാറ്റമുണ്ടാക്കിയതും ജീവിതവിജയം നേടിയതുമെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തം. കേരളത്തിലെ സ്ത്രീകള്‍ ഒരുകാലഘട്ടത്തില്‍ ഇങ്ങനെ ആയിരുന്നില്ല. ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലെ ബ്രാഹ്മണരുള്‍പ്പെടെ ഉയര്‍ന്ന ജാതികളില്‍പ്പെട്ടവരാണ് തുടക്കമിട്ടത്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം പിന്നാക്ക വിഭാഗങ്ങളാണ് കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ഇവിടത്തെ ജാതിമേധാവിത്വത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവന്നിട്ടുള്ള സ്ത്രീകളുടെ ചരിത്രവും അതിനെതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളും നവോത്ഥാന കാലഘട്ടത്തിലേതായി കാണാനാവും. ഇതില്‍ ഏറെ പ്രത്യേകത സ്ത്രീകള്‍ നടത്തിയ എല്ലാ സമരങ്ങളും വിജയിച്ചു എന്നതാണ്. ആ മാറ്റമാണ് ഇന്നത്തെ സ്ത്രീ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന വിഷയത്തില്‍ ആറ്റിങ്ങല്‍ കന്യാകുളങ്ങരയില്‍ സംഘടിപ്പിച്ച പ്രഭാഷണസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി വസന്തം.
ഇപ്പോള്‍ ഇറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ നമുക്ക് കാണാനാവും ആ കാലഘട്ടത്തിലെ സ്ത്രീകള്‍ അനുഭവിച്ച യാതനകളും പീഡനങ്ങളും ക്രൂരതകളും. മാറുമറയ്ക്കല്‍ അവകാശം വലിയ പ്രശ്നമായിരുന്നു. നമ്മുടെ രാജ്യത്ത് ആരാണ് സ്ത്രീകളുടെ വസ്ത്രധാരണം നിര്‍ണയിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇന്നും പുരുഷമേധാവിത്വമാണ്. മതമേധാവിത്വമാണ്. ഒരു സ്ത്രീയെ കണ്ടാല്‍, അവളുടെ വസ്ത്രം കണ്ടാല്‍ അത് മതചിഹ്നമായി മാറാറുണ്ട്. സെറ്റുമുണ്ടുടുത്ത് നെറ്റിയില്‍ കുങ്കുമമണിഞ്ഞാല്‍ അവള്‍ ഹിന്ദുവാണെന്നും തട്ടമിട്ടാല്‍ മുസ്‌ലിം ആണെന്നും പറയും. എന്നാല്‍ പുരുഷാരവത്തെ കണ്ടാല്‍ അവര്‍ ഏത് മതത്തില്‍പ്പെട്ടവരാണെന്ന് മനസിലാക്കാനാവുമോ. ഏത് മതത്തിനും ഓരോ വസ്ത്രങ്ങളുണ്ടെങ്കില്‍ അത് മതചിഹ്നമായി ഉപയോഗിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കാണെന്ന് തോന്നിപ്പോകും.
നവോത്ഥാന പോരാട്ടം ആരംഭിക്കുന്ന കാലത്തും ഇതുതന്നെ ആയിരുന്നു സ്ഥിതി. അവള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മാറ് അല്പമെങ്കിലും മറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നത് നമ്പൂതിരി സ്ത്രീകള്‍ക്കായിരുന്നു. താഴ്ന്ന ജാതികളില്‍പ്പെട്ടവര്‍ മാറുമറയ്ക്കാതെ മുട്ടിനുതാഴേയ്ക്കിറക്കമില്ലാത്ത മുണ്ടുടുത്ത് നടക്കണം എന്നായിരുന്നു വ്യവസ്ഥ. വലുപ്പമനുസരിച്ച് മുലക്കരം ചുമത്തിയിരുന്നു. പ്രസവിച്ചാല്‍ മുലയൂട്ടണമെങ്കില്‍ കുഞ്ഞിനും നികുതി കൊടുക്കണം. ഇങ്ങനെ നിന്ദ്യവും നീജവുമായ ക്രൂരതകള്‍ നിലനിന്നിരുന്നു. അന്ന് സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാട്ടാണ് ഇത്തരം അനാചാരണങ്ങള്‍ സമൂഹത്തില്‍ ഇല്ലാതായത്. മാറുമറച്ചുകൊണ്ട് അങ്ങാടിയിലൂടെ നടന്ന ആറേഴു സ്ത്രീകളെ ജന്മികളുടെ ആളുകള്‍ പിടിച്ചുകെട്ടി അതി ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ ശബ്ദമുയര്‍ത്തി രംഗത്തുവന്നതാണ് ചാന്നാര്‍ ലഹളപോലുള്ള പോരാട്ടങ്ങള്‍. നങ്ങേലി നടത്തിയ ഐതിഹാസിക പോരാട്ടവും രക്തസാക്ഷിത്വവും മുലക്കരം ഇല്ലാതാക്കുന്നതിന്റെ ഏറ്റവും പ്രധാനമായ ഒന്നായിരുന്നു.
ബലബാറിലും സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകള്‍ ചെറുതൊന്നുമല്ല. വിവാഹിതരായ സ്ത്രീകളെ ആദ്യം അനുഭവിക്കാന്‍ കൂരകള്‍ക്ക് മുന്നില്‍ ജന്മികള്‍ കൊണ്ടിട്ട കട്ടിലുകള്‍ അടിച്ചുതകര്‍ത്ത് അതിന്റെ കാലുകളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സ്ത്രീകള്‍ നടത്തിയ കട്ടില്‍ സമരവും ചരിത്രമാണ്. വിറകുസമരവും കല്ലുമാലസമരവും മുക്കുത്തിസമരവുമെല്ലാം ഈവിധം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് പഞ്ചമിയെന്ന പുലയ പെണ്‍കൊടിയുടെ കൈപിടിച്ച് അയ്യന്‍കാളി നടത്തിയ പോരാട്ടവും വിസ്മരിക്കാനാവുന്നതല്ല.
ജന്മിത്തത്തെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള വിളംബരം നടത്തുകയും കേരളത്തിന്റെ പുരോഗതിക്കുള്ള നിരവധി പദ്ധതികള്‍ ആസൂത്രണവും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോന്റെ ഇടപെടലുകളും സ്ത്രീകളടക്കം സമൂഹമാകെ മറക്കരുത്. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശമാണ് അച്യുതമേനോന്‍ നടത്തിയ നിയമനിര്‍മ്മാണങ്ങളിലൂടെ സാധ്യമായത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ ഇന്ന് ഭരണം നിര്‍വഹിക്കുന്ന സര്‍ക്കാര്‍ വരെ കേരളത്തിലുണ്ടായ ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം ആ പാതപിന്തുടര്‍ന്ന് സ്ത്രീകളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ഉന്നതിക്കായി പ്രവര്‍ത്തിച്ചു. ഇതെല്ലാം നിലനിര്‍ത്താന്‍ നമ്മളെല്ലാം ബാധ്യതപ്പെട്ടിരിക്കുന്നു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണകാലത്താണ് നാം ജീവിക്കുന്നത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം അല്പംപോലും ആശ്വാസകരമല്ല ഈ ഫാസിസ്റ്റ് ഭരണകാലഘട്ടം. ഫാസിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം സ്ത്രീവരുദ്ധതയുടേതുകൂടിയാണ്. ഇന്ത്യന്‍ ഭരണഘടനയാണ് സ്ത്രീകളെ സംരക്ഷിക്കുന്നത്. അതില്‍ ഫാസിസ്റ്റുകള്‍ക്ക് വിശ്വാസമില്ല. സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കാത്തവള്‍ എന്ന പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രം. സ്ത്രീ ബാല്യത്തിലും യവനത്തിലും വാര്‍ധക്യത്തിലും പുരുഷനുകീഴില്‍ ആയിരിക്കണമെന്ന് വാദിക്കുന്ന മനുസ്മൃതതിയിലധിഷ്ഠിതമായ ഒരു ഭരണഘടനാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നു. ലോകത്ത് സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഇല്ലാത്ത രാജ്യം ഇന്ത്യയാണ്. ഓരോ മൂന്നുമിനിറ്റിലും വീട്ടില്‍വച്ചോ പുറത്തുവച്ചോ സ്ത്രീകള്‍ പീഡനത്തിന് ഇരകളാവുന്ന രാജ്യമാണ് ഇന്ത്യ. ഓരോ ഏഴ് മിനിറ്റിലും ഓരോ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു ഇന്ത്യയില്‍. മൂന്നു മാസം പ്രായമായ കൊച്ചുകുഞ്ഞുമുതല്‍ 96 വയസുള്ള സ്ത്രീകള്‍ വരെ പീഡനത്തിന് ഇരയാവുന്ന രാജ്യവും ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. ദാരിദ്ര്യത്തിന്റെ കണക്കെടുത്താലും ഇന്ത്യ മുന്നിലാണ്. ഓരോ ദിവസവും 135 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 14 ലക്ഷം കുട്ടികളാണ് ഇവിടെ ബാലവേല എടുത്ത് ജീവിക്കുന്നത്. രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയ നിലപാടാണ് ഇതിനെല്ലാം കാരണം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ വേട്ടക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നുില്ല. ഉത്തരേന്ത്യയിലും പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലുമെല്ലാം മുഴങ്ങിക്കേള്‍ക്കുന്ന പെണ്‍കുട്ടികളുടെ നിലവിളികള്‍ നമ്മുടെ നെഞ്ചകത്തുണ്ട്. അങ്ങനെ എപ്പോഴും നമ്മുടെ മനസിനകത്ത് വേദനയോടെ കൊണ്ടുനടക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ബിജെപി ഭരണകൂടം പൊലീസിനെയും പ്രതികളെയും സംരക്ഷിക്കുന്നു. ഇവിടങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുള്ളൂ.