Site icon Janayugom Online

സിപിഐ ഒറ്റക്കെട്ട്: കഥകൾ മെനഞ്ഞവർ നിരാശരായി: കാനം

സിപിഐ ഒറ്റക്കെട്ടാണെന്ന് സംസ്ഥാന സമ്മേളനം ആവര്‍ത്തിച്ച് തെളിയിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ കമ്മിറ്റികളെയും ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു കാനം. പാർട്ടിയെ കൂടുതല്‍ ഐക്യത്തോടെ നയിക്കും. എല്ലാവരെയും ഒരുമിപ്പിച്ച് പാർട്ടിയുടെ പുരോഗതിക്കും അതിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും ഒരേ മനസ്സോടെ പ്രവർത്തിക്കും, കാനം വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിൽ സമ്മേളനത്തെക്കുറിച്ച് കഥകൾ മെനഞ്ഞവർക്ക് നിരാശപ്പെടേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം വിഭാഗീയതയുടെ അരങ്ങാവുമെന്ന് പ്രവചിച്ചവർ നിരാശപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യത്യസ്ത ഗ്രൂപ്പുകളോ വിഭാഗീയതയോ ഇല്ല. വ്യത്യസ്ത അഭിപ്രായമുള്ള സഖാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ ജനാധിപത്യപരമായി പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്. ആ അഭിപ്രായങ്ങൾ പറയുന്നത് തെറ്റല്ല. ഇത് അടിമത്തത്തിന്റെ യുഗമല്ല. അതുകൊണ്ട് നിർഭയമായി ഘടകങ്ങളിൽ പ്രവര്‍ത്തകര്‍ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും. പാർട്ടി അഭിപ്രായ സമന്വയത്തിലൂടെ അതിന്റെ തീരുമാനങ്ങളിൽ എത്തിച്ചേരും. അതാണ് കമ്മ്യൂണിസ്റ്റ് ശൈലി, കാനം ചൂണ്ടിക്കാട്ടി. സിപിഐ വേറിട്ട പാർട്ടിയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കാന്‍ സമ്മേളനത്തിന് സാധ്യമായി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മാത്രമല്ല അതിന്റെ സംഘടനാപരമായ ഐക്യം ഉറപ്പിക്കുന്നതിനും സമ്മേളനത്തിന് കഴിഞ്ഞു. പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി സമ്മേളനം മാറി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ നിരവധിയായ സമ്മേളനങ്ങളിലൂടെയാണ് സംസ്ഥാന സമ്മേളനത്തിൽ എത്തിയത്. പതിനൊന്നായിരത്തിലധികം ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും മണ്ഡല സമ്മേളനങ്ങളും പൂർത്തിയാക്കി ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു. ജൂലൈ മാസത്തിന്റെ അവസാനം തിരുവനന്തപുരം സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചത്. സെപ്റ്റംബർ ആദ്യത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തിയായി, കാനം വിശദീകരിച്ചു.

Exit mobile version