Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം ദീപശിഖാ പ്രയാണം ഒമ്പതിന്

സിപിഐ സംസ്ഥാന സമ്മേളന നഗറില്‍ സ്ഥാപിക്കുന്ന ദീപശിഖാ പ്രയാണം ഒമ്പതിന് പകല്‍ രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ വിനീതാ വിൻസന്റും ഡയറക്ടർ ബിബിൻ എബ്രഹാമുമാണ്. കെ ഷാജഹാൻ, വി ദർശിത്ത് എന്നിവർ അംഗങ്ങളാണ്. വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ എത്തുന്ന ജാഥ 10ന് രാവിലെ ഒമ്പതിന് നൂറ് വനിതാ അത്‌ലറ്റുകളുടെ അകമ്പടിയോടെ പ്രയാണം തുടരും. പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവെൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. 

കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തും. 10.45 ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പാർട്ടിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ സംസാരിക്കും. 11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. പൊതുസമ്മേളന നഗറായ ആലപ്പുഴ ബീച്ചിൽ, തോപ്പില്‍ ഭാസിയുടെ നാടകങ്ങളായ മൂവാറ്റുപുഴ റിയൽ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഷെൽട്ടർ എട്ടിന് വൈകിട്ട് ഏഴിനും കെപിഎസി അവതരിപ്പിക്കുന്ന ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ഒമ്പതിന് വൈകിട്ട് ഏഴിനും 11 ന് വൈകിട്ട് ഏഴിന് കൊടമന നാരായണൻ നായർ സ്മാരക വായനശാലയുടെ പാട്ടബാക്കി നാടകവും അരങ്ങേറും. 12ന് വൈകിട്ട് ഏഴിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകൾ അവതരിപ്പിക്കും. 

Exit mobile version