Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫിസ് തുറന്നു

രാജ്യത്ത് മതപരമായ വിവേചനം പാടില്ല എന്നിരിക്കെ ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലിലടച്ച നടപടികളിലൂടെ ഇന്ത്യന്‍ ഭരണഘടനയെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. സിപിഐ സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ പലപ്പോഴായി സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെ എതിര്‍ത്താല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സംഘ്പരിവാര്‍ ശക്തികള്‍ ജയിലില്‍ അടപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ ഇടുകയാണ് നിലവിലെ രീതി. ഇങ്ങനെ രാജ്യത്തെ കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിന് ആളുകളെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. നക്സല്‍മുക്ത ഭാരതം എന്ന പേരില്‍ ആദിവാസി മേഖലകളിലെ യുവാക്കളെ വെടിവച്ച് കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് സോളമന്‍ സ്വാഗതം പറഞ്ഞു. ദേശീയ കൗണ്‍സിലംഗം ടി ടി ജിസ്‌മോന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാര്‍, ഡി സുരേഷ് ബാബു, വി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, നേതാക്കളായ ആര്‍ സുരേഷ്, എം കെ ഉത്തമന്‍, പി കെ സദാശിവൻ പിള്ള, പിഎസ്എം ഹുസൈന്‍, ഡി പി മധു, ബി അന്‍സാരി, സനൂപ് കുഞ്ഞുമോന്‍, സന്ധ്യാ ബെന്നി എന്നിവര്‍ സംസാരിച്ചു.

Exit mobile version