Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; യൂത്ത് കോൺക്ലേവ് നാളെ

സെപ്റ്റംബർ എട്ട് മുതൽ ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എഐവൈഎഫ്, എഐഎസ്എഫ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺക്ലേവ് നാളെ ഹരിപ്പാട് നടക്കും. കാർത്തികപ്പള്ളി ധന്യ ഓഡിറ്റോറിയത്തിൽ കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് മുൻ എംഎൽഎ ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ പേരിലുള്ള പുരസ്കാരം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ കൃഷി മന്ത്രി പി പ്രസാദിന് നല്‍കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറയും. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നാദിറ മെഹറിൻ, യുവ കർഷകൻ സുജിത്ത്, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ അരുൺകുമാർ, ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലംഷാ, ജില്ലാ സെക്രട്ടറി ആദർശ് തുളസീധരൻ എന്നിവർ സംസാരിക്കും. CPI State Con­fer­ence; Youth con­clave tomorrow

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ആദ്യ കേരള നിയമസഭാ സ്പീക്കർ ആർ ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പ്രതിഭാ സംഗമത്തിൽ പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമനും അനുമോദിക്കും. ഫൗണ്ടേഷൻ കൺവീനർ യു ദിലീപ് പ്രശസ്തി പത്രാവതരണം നടത്തും. സിപിഐ മണ്ഡലം സെക്രട്ടറി കെ കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ സി വി രാജീവ്, എ ശോഭ എന്നിവർ പങ്കെടുക്കും. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അജയ് കൃഷ്ണൻ നന്ദി പറയും. ശാരീരിക വൈകല്യങ്ങളെ അവഗണിച്ച് കീബോർഡിൽ വിസ്മയം കാഴ്ചവയ്ക്കുന്ന കുരുന്നു പ്രതിഭ യാസീൻ കായംകുളത്തിന്റെ സംഗീതവിരുന്നും പരിപാടിയുടെ മാറ്റ് കൂട്ടും. 

Exit mobile version