Site iconSite icon Janayugom Online

സിപിഐ തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചു

കെ ജി ശിവാനന്ദന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. രണ്ട് തവണ സിപിഐ ദേശീയ കൗൺസിലിലും അംഗമായി. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ബാലവേദി, വിദ്യാർത്ഥി സംഘടനകളിലൂടെ രാഷ്ട്രീയ പ്രവേശം. എഐവൈഎഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. തൊഴിൽ അല്ലെങ്കിൽ ജയിൽ പ്രക്ഷോഭ കാലം മുതൽ സമരരംഗത്ത് സജീവമായിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കാസർകോട് നിന്നും കൊച്ചിയിലേക്കുള്ള കാൽനട മാർച്ചിന്റെ ക്യാപ്റ്റനായിരുന്നു. പല തവണ പൊലീസ് മർദനത്തിനിരയായി. ജയിൽവാസവും അനുഭവിച്ചു.

നിരവധി തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയാണ്. കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍, കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു. മൂന്ന് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരിയായ കെ ജി ബിന്ദുവാണ് ഭാര്യ. മക്കള്‍: അളകനന്ദ, അഭിനന്ദ്. അഞ്ച് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 56 അംഗ ജില്ലാ കൗൺസിലിനെയും 50 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ചര്‍ച്ചയ്ക്ക് കെ കെ വത്സരാജ് മറുപടി പറഞ്ഞു. ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, മന്ത്രി ജെ ചിഞ്ചുറാണി, അഡ്വ. എൻ രാജൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ജയദേവൻ, കെ ജി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പ്രസീഡിയത്തിനുവേണ്ടി കെ വി വസന്തകുമാറും സംഘാടക സമിതിക്കുവേണ്ടി എൻ കെ ഉദയപ്രകാശും നന്ദി പറഞ്ഞു.

 

Exit mobile version