Site iconSite icon Janayugom Online

സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ മുതല്‍

സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ കല്‍പ്പറ്റയില്‍ ആരംഭിക്കും. 15ന് വൈകുന്നേരം സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി പതാക ഉയര്‍ത്തുന്നതോടെയാണ് ജില്ലാ സമ്മേളനത്തിന് തുടക്കമാവുക. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന റവന്യുമന്ത്രിയുമായ അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപമാണ് പൊതുസമ്മേളന വേദിയായ എല്‍ സോമന്‍നായര്‍ നഗര്‍ സജ്ജീകരിച്ചിരിക്കുന്നത്. 16ന് ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വി ജോര്‍ജ് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. രാവിലെ 10ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എന്‍ രാജന്‍, അഡ്വ. പി വസന്തം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ഭാരവാഹി തെരഞ്ഞെടുപ്പും സമാപന സമ്മേളനവും 17ന് നടക്കും.

സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമരം, ബാനര്‍ ജാഥകള്‍ വിവിധയിടങ്ങളില്‍ നിന്ന് നാളെ രാവിലെ മുതല്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. പതാക ജാഥ അട്ടമല മുസ്തഫ സ്മൃതിമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. കല്‍പറ്റ മണ്ഡലം സെക്രട്ടറി വി യൂസഫിന്റെ നേതൃത്വത്തിലാണ് പതാക ജാഥ കല്‍പ്പറ്റയിലേക്ക് എത്തുക. കൊടിമരജാഥ കാക്കവയലില്‍ നിന്ന് ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി സി എം സുധീഷ് ഉദ്ഘാടനം ചെയ്യും. പുല്‍പ്പള്ളി മണ്ഡലം സെക്രട്ടറി ടി ജെ ചാക്കോച്ചന്‍ ക്യാപ്റ്റനായ ജാഥ വൈകിട്ടോടെ കല്‍പറ്റയിലെത്തും. ബാനര്‍ ജാഥ പനമരത്ത് സി എസ് സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യും. മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരനാണ് ജാഥ നയിക്കുക. പതാക ഇ ജെ ബാബു, കൊടിമരം ഡോ. അമ്പി ചിറയില്‍, ബാനര്‍ എം വി ബാബു എന്നിവര്‍ ഏറ്റുവാങ്ങും. മൂന്ന് ജാഥകളും വൈകിട്ട് നാലോടെ കല്‍പറ്റ കനറ ബാങ്ക് പരിസരത്ത് സംഗമിച്ച് പൊതുസമ്മേളന നഗരിയായ എല്‍ സോമന്‍നായര്‍ നഗറിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തലും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അറിയിച്ചു.

Eng­lish sum­ma­ry; CPI Wayanad dis­trict con­fer­ence from tomorrow

You may also like this video;

Exit mobile version