എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്നും വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തോട് യോജിപ്പില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐയും സിപിഐഎമ്മും തമ്മിൽ ഏറ്റവും വലിയ ബന്ധമാണുള്ളത്. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനോടും യോജിപ്പില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടിനോടും വിയോജിക്കുന്നു.
എല്‍ഡിഎഫില്‍ നിന്ന് മുസ്ലിം സമൂഹം പൂര്‍ണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാട് തെറ്റാണ്. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയും മുസ്ലിം ലീഗും വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തി. ഇതിനെ സംഘടനാപരമായ രീതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥലങ്ങളില്‍ പ്രതിരോധിച്ചു. അല്ലാത്ത സ്ഥലങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൃത്യമായ അന്വേഷണം നടക്കും. ഉത്തരവാദി ആരായാലും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

