Site iconSite icon Janayugom Online

സിപിഐ(എം) നേതാവിനെ ആക്രമിച്ചു; ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ

തിരുവല്ലയിലെ ചുമത്രയിൽ സിപിഐ(എം) പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റില്‍. തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ ബ്രാഞ്ചംഗം സി സി സജിമോനെ ആക്രമിച്ച സംഭവത്തിൽ ചുമത്ര സ്വദേശികളായ വർഗീസ്(32), ഷെമീർ(32) എന്നിവരാണ് പിടിയിലായത്.

ചുമത്ര കോട്ടാലി എസ്എൻഡിപി മന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. അറസ്റ്റിലായ ടിബിൻ വർഗീസും പ്രദേശവാസിയായ പ്രവീണും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് മൊബൈൽ ഫോണിലൂടെ തർക്കമുണ്ടായി. ഇതിനിടെ പ്രവീൺ സജിമോനെ കൂടി കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തി. തുടർന്ന് മൂവരും തമ്മിൽ ഫോണിലൂടെ വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് ടിബിനും ഷമീറും അടങ്ങുന്ന നാലംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന സജിമോനെ ആക്രമിക്കുകയായിരുന്നു. കേസിൽ പ്രതികളായ അഭിമന്യൂവും നാലാം പ്രതി നിതിനും ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Exit mobile version