ക്രമസമാധാനത്തിന്റെ ചുമതലയിൽ നിന്നും എഡിജിപിയെ മാറ്റിയേ പറ്റുവെന്നാണ് സിപിഐയുടെ ഖണ്ഡിതമായ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി കെ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. ലോ ആൻഡ് ഓർഡർ പാലിക്കേണ്ട ആളായിരിക്കണം ക്രമസമാധാന ചുമതലയിൽ ഇരിക്കുന്ന എഡിജിപി.
കുറഞ്ഞ പക്ഷം സർക്കാരിനെ അറിയാൻ കഴിയണം.സർക്കാരിനെക്കുറിച്ചും നയങ്ങളെക്കുറിച്ചു അറിയാൻ സാധിക്കുന്ന ആളായിരിക്കണം. ആർക്കു വേണ്ടിയുള്ള ഗവർമെന്റ് എന്ന് ആൾക്ക് ബോധ്യമുണ്ട്. ഒന്നാം ഊഴവും രണ്ടാം ഊഴവും കഴിഞ്ഞ് ആരെല്ലാമോ ആയി വരുന്ന ആർഎസ്എസ് പ്രമാണിമാരെ കാണാൻ പോകാൻ പാടില്ല. പോയത് എന്തിനാണെന്ന് ആർക്കും അറിയില്ല. അത്തരക്കാരോട് വീണ്ടും വീണ്ടും പോയി കിന്നാരം പറയുന്ന ഒരാൾ , പോലീസിന്റെ എഡിജിപി പദവിയിൽ ഇരിക്കാൻ അർഹനല്ല. ക്രമസമാധാന ചുതലയുള്ള എഡിജിപി പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റണം. രണ്ടു വട്ടം പോയ കാര്യം അറിയാം. മൂന്നാമത് പോയോ എന്നതിനെ സംബന്ധിച്ചു അറിയില്ല.
ഈ വിഷയത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്മേൽ സിപിഐക്ക് പ്രതീക്ഷയുണ്ട്. ഈ വിഷയത്തിൽ സിപിഎക്കുള്ളത് ഉറച്ച നിലപാടാണ്. ഇടതു പക്ഷങ്ങളുടെ മൂല്യങ്ങളുടെ നിലപാടാണ്. എൽ ഡിഎഫുകാർ ഇടതുപക്ഷത്തെ മറക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി. സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ലൈബ്രറിയുടെ ഉദ്ഘാടനവും, റവന്യു വകുപ്പ് മന്ത്രി കെ രാജൻ മീറ്റിങ്ങ് ഹാളിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, കെ ജി ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.