Site icon Janayugom Online

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെ തള്ളിപ്പറഞ്ഞ് സിപിഎം

mayor beena

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ആണ് ബീന ഫിലിപ്പിന്റെ നിലപാട് തള്ളിക്കൊണ്ട് പ്രസ്താവനയിറക്കിയത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയർത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സിപിഐഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അക്കാരണം കൊണ്ടുതന്നെയാണ് ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഎം തീരുമാനിച്ചതെന്നും പി മോഹനൻ പ്രസ്താവനയിൽ വ്യക്തമാക്കി. ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി തന്നോട് കർശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തിന് പിന്നാലെ മേയർ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്. അതേസമയം അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്ന് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വ്യക്തമാക്കി. ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്.

Eng­lish Sum­ma­ry: CPM rejects May­or Bina Philip who par­tic­i­pat­ed in Bal­agoku­lam event

You may like this video also

Exit mobile version