ക്രേസ് ബിസ്കറ്റ്സ് കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് നൽകുന്നത് പുത്തൻ ഊർജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കിനാലൂർ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കിലെ ക്രേസ് ബിസ്ക്കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ക്രേസ് ഫാക്ടറി, കേരളത്തിലെ ഏറ്റവു വലിയ ഫുഡ് ആന്റ് കൺഫക്ഷണറി ഫാക്ടറിയാണ്. കേരളത്തിൽ നിന്നും ആഗോള നിലവാരത്തിലുള്ള ഒരു ബ്രാൻഡ് ഉല്പാദിപ്പിക്കപ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ പുതിയ ഉല്പന്നങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് വിപണിയിലിറക്കി. ആസ്കോ ഗ്ലോബൽ ട്രസ്റ്റ് മന്ത്രി എ കെ ശശീന്ദ്രനും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ മന്ത്രി അഹമ്മദ് ദേവർകോവിലും ഉദ്ഘാടനം ചെയ്തു. എം കെ രാഘവൻ എം പി, കെ എം സച്ചിൻ ദേവ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വ്യവസായ‑വിദ്യാഭ്യാസ‑റവന്യൂ (വഖഫ്) പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ് ഐഡിസി എംഡി എസ് ഹരികിഷോർ, ക്രേസ് ബിസ്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി എ ശ്രീകുമാർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, വാർഡ് അംഗം റംല വെട്ടത്ത്, അഹമ്മദ് കോയ ഹാജി, ക്രേസ് ബിസ്ക്കറ്റ്സ് ഡയറക്ടർമാരായ ഫസീല അസീസ്, അലി സിയാൻ, സമിൻ അബ്ദുൾ അസീസ്, ആമിന സില്ല, സിഎഫ്ഒ പ്രശാന്ത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകൾ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്ക്കറ്റുകളുടെ പ്രത്യേകതകളാണ്. ഇരുപത്തി രണ്ടോളം രുചിഭേദങ്ങളുമായി ക്രേസ്, കേരളത്തിന്റെ പുതിയ ക്രേസായി കഴിഞ്ഞു.
കാരമൽ ഫിംഗേഴ്സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, പെറ്റിറ്റ് ബുറോ, ചോക്കോ ഷോർട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാർന്ന ബിസ്കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.
English Summary: Craze Biscuits launched in the industry: CM
You may also like this video