Site iconSite icon Janayugom Online

ലോലന്റെ സൃഷ്ടാവ്; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

‘ലോലൻ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി പി ഫിലിപ്പ് ) അന്തരിച്ചു. 77 വയസ്സായിരുന്നു. 1948ൽ ജനിച്ച ചെല്ലൻ 2002ൽ കെ എസ് ആർ ടി സിയിൽ നിന്ന് പെയിൻ്ററായി വിരമിച്ച ശേഷം കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ലോലൻ എന്ന ചെല്ലൻ്റെ കഥാപാത്രം ഒരു കാലഘട്ടത്തിൽ കേരളത്തിലെ കാമ്പസുകളിൽ ചിരിയുടെ അലകൾ തീർക്കുകയും ലോലൻ്റെ ബെൽ ബോട്ടം പാന്റും ഹെയർ സ്‌റ്റൈലും കോളജ് കുമാരന്മാർക്കിടയിൽ തരംഗമാവുകയും ചെയ്തിരുന്നു. ലോലൻ എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തി എന്ന നിലയിൽ ചെല്ലൻ വേറിട്ട് നിൽക്കുന്നു എന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്‌സൺ സുധീർ നാഥ് അനുസ്മരിച്ചു. കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കാർട്ടൂണിസ്റ്റ് ചെല്ലന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. നിലവിൽ കൊച്ചി കേന്ദ്രീകരിച്ച ഒരു അനിമേഷൻ സ്ഥാപനം ലോലൻ എന്ന കഥാപാത്രത്തെ ആനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം. സംസ്കാര ചടങ്ങുകൾ നവംബർ 3ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.

Exit mobile version