Site iconSite icon Janayugom Online

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രതി അറസ്റ്റില്‍

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതിയെ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എഐ അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്.

രശ്മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്ന് സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Eng­lish Sum­ma­ry: Cre­ator of Rash­mi­ka Man­dan­na deep­fake video arrested
You may also like this video

Exit mobile version