Site icon Janayugom Online

കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കടുത്ത നടപടിയിലേക്ക്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ടാമത് നല്‍കിയ നോട്ടീസും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അവഗണിച്ചു. ഇതോടെ ക്രൈംബ്രാഞ്ച് കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രന്‍ ഉപയോഗിച്ച ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് രണ്ടാംതവണയും നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് ഫോണ്‍ നശിച്ചുപോയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. 

കാസര്‍കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇതേ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ഫോണ്‍ ഹാജരാക്കാന്‍ രണ്ടുതവണ നോട്ടീസയച്ചത്. തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനാണ് ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതെ കുറ്റപത്രം അടക്കമുള്ള തുടര്‍ നടപടികളിലേക്ക് നീങ്ങാന്‍ ക്രൈംബ്രാഞ്ചിന് സാധിക്കില്ല. ഫോണ്‍ ഹാജരാക്കുന്നതിന് ഇനി ഒരു തവണകൂടി നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അറസ്റ്റ് നടപടികളിലേക്ക് കടക്കും. കേസില്‍ കെ സുരേന്ദ്രനടക്കം ഏഴ് ബിജെപി നേതാക്കളാണ് പ്രതികള്‍.

Eng­lish Sum­ma­ry : Crime branch to take strict actions against K Surendran

You may also like this video :

Exit mobile version