തന്റെ നിലപാടുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി പടരുന്നതിനിടെ ശശി തരൂര്‍ സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുന്നു. കോണ്‍ഗ്രസ്സില്‍ തന്റെ മേധാവിത്വം ഉറപ്പിക്കുന്നതിനാണ് ശശിതരൂര്‍ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും മുഖ്യമന്ത്രി പദമാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ഉയരുന്നതിനിടെയാണ് തരൂരിന്റെ തേരോട്ടം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം പാര്‍ട്ടിയിലെ പ്രബല വിഭാഗം വിമതപരിവേഷം നല്‍കിയെങ്കിലും പാര്‍ട്ടിയിലെ താഴെത്തട്ടുവരേയുള്ള അനുഭാവികളെ തനിക്കുപിന്നില്‍ അണിനിരത്തുക എന്ന തന്ത്രമാണ് ശശിതരൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പയറ്റുന്നത്. ഒപ്പം മുസ്ലിംലീഗിലേയും വിവിധ സാമുദായിക സംഘടനകളിലേയും നേതാക്കളെ നേരിട്ടുകണ്ട് ചര്‍ച്ച നടത്താനും കോണ്‍ഗ്രസ്സിലെ ഇന്നത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും തനിക്കനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്താനുമെല്ലാം തരൂര്‍ സമയം കണ്ടെത്തുകയാണ്.
ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ലെന്നാണ് ഇതുസംബന്ധിച്ച വിമര്‍ശനങ്ങളോട് ശശി തരൂരിന്റെ പ്രതികരണം. അവര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണെന്നും എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മലപ്പുറത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ എന്‍ എം മര്‍കസുദ്ദഅവ നേതാക്കളുമായാണ് തരൂർ മലപ്പുറത്ത് കൂടിക്കാഴ്ച നടത്തിയത്. തരൂര്‍ ഇന്ന് രാവിലെ കോഴിക്കോട് സമസ്ത ഓഫീസില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കെ എന്‍ എം നേതാക്കളായ ടി പി അബ്ദുള്ള കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവരുമായി കെഎന്‍എം ഓഫീസില്‍ ചര്‍ച്ച നടത്തും. വൈകീട്ട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുമായും കൂടിക്കാഴ്ചയുണ്ട്. ശ്രീകണ്ഠേശ്വര ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനമുണ്ട്.
മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് തരൂരിന്റെ നീക്കങ്ങള്‍ എന്ന വിമര്‍ശനത്തേയും അദ്ദേഹം അവഗണിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ തുടങ്ങുന്നതിൽ പ്രസക്തിയില്ലെന്നും കേരളം കർമഭൂമിയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സമുദായ നേതാക്കളെ മാത്രമല്ല താൻ മറ്റ് നിരവധി ആളുകളെ കാണാറുണ്ടെന്നും എന്നാൽ അതൊന്നും വാർത്തയാകാറില്ലെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു.
നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയത്തിന് ചില രീതികളുണ്ടെന്നാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിഷയത്തിൽ പ്രതികരിച്ചത്. ശശി തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചാണ് തരൂരിന്റെ കരുനീക്കങ്ങളെന്നത് നേരത്തേ തന്നെ വ്യക്തമായതാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ അക്കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തു. എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ഇനി എത്രനാള്‍ തുടരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാകുന്നു തുറന്നടിച്ച് നേതാക്കള്‍
ശശി തരൂരിനെ ലക്ഷ്യമിട്ട് കെപിസിസി നിര്‍വാഹക സമിതിയിലും രൂക്ഷവിമര്‍ശനം. നിയമസഭയിലേക്ക് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച എംപിമാര്‍ പലരുമുണ്ടെങ്കിലും, ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ലക്ഷ്യം വച്ചത് തരൂരിനെയായിരുന്നു. എ കെ ആന്റണിയും കെ സുധാകരനും എം എം ഹസനും തുടങ്ങിവച്ച വിമര്‍ശനം ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ തുറന്നടിച്ച പരാമര്‍ശങ്ങളിലേക്ക് നീങ്ങി.
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തുന്നവര്‍ സംഘടനാ അച്ചടക്കം ലംഘിക്കുകയാണെന്ന മുന്നറിയിപ്പാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയത്. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതെന്നും അതിരുവിട്ടാല്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു. എംപിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം, എന്നാല്‍ നിയമസഭയിലേക്ക് ആരൊക്കെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് എം എം ഹസന്‍ പറഞ്ഞു. പരസ്യപ്രസ്താവനകള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്നും അച്ചടക്കം ലംഘിച്ച എംപിമാര്‍ക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തുടര്‍ന്നാണ് ഷാഫി പറമ്പില്‍ ശശി തരൂരിന്റെ പേരെടുത്ത് പറയാതെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുകയാണെന്നും സമുദായ നേതാക്കളെ കാണുകയാണെന്നും ഷാഫി പറഞ്ഞു. ഇതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരെ നിയന്ത്രിക്കണമെന്നും എം കെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഷാഫി തുറന്നടിച്ചു.
English Summary:criticism in the party; Shashi Tharoor is behind the community leaders
You may also like this video