ഇടതുപക്ഷ മൂല്യബോധം ഓർമ്മപ്പെടുത്താനും അത് ഉറപ്പിക്കുവാനും വേണ്ടിയാണ് വിമർശനങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ അവാർഡ് എഐടിയുസി വൈസ് പ്രസിഡന്റ് കെ സുബ്ബരായൻ എംപിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സർക്കാരിനെ കേരളത്തിന്റെ മാത്രമായിട്ടല്ല, ഇന്ത്യയിൽ തന്നെ ബദലായിട്ടാണ് കാണുന്നത്. നാളെയെപ്പറ്റി ചോദിക്കുമ്പോൾ തെക്കേ കോണിൽ ഒരു രാഷ്ട്രീയ മോഡലുണ്ടെന്നും അതാകണം എൽഡിഎഫ് മാതൃകയെന്നും അദ്ദേഹം പ്രസ്താവിച്ചു.
കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ചടങ്ങില്‍ ആദരിച്ചു. കെ സുബ്ബരായനെയും സുരേഷ് എടപ്പാളിനെയും റവന്യു മന്ത്രി കെ രാജൻ പൊന്നാടയണിയിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി.
എഐടിയുസി ദേശീയ സെക്രട്ടറി വഹിദ നിസാം, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, വാഴൂർ സോമൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐടിയുസി സംസ്ഥാന പ്രസിഡന്‍റ് ടി ജെ ആഞ്ചലോസ്, നേതാക്കളായ കെ എസ് ഇന്ദുശേഖരൻ, സി പി മുരളി, കെ മല്ലിക, കെ ജി ശിവാനന്ദൻ, പി വിജയമ്മ, വി ആർ മനോജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ സംസാരിച്ചു.