സവര്‍ക്കറെ അധിക്ഷേപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. രാഹുല്‍ ഗാന്ധി സവര്‍ക്കറെ വിമര്‍ശിച്ചാല്‍ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. ഇത്തരം ആവശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം കളയുന്ന ഇത്തരം വാദങ്ങളുമായി എന്തിന് വരുന്നെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു.
സവര്‍ക്കറുടെ പേര് മോശമായി ഉപയോഗിക്കുന്നത് തടയണമെന്നും സവര്‍ക്കറെ എംബ്ലം ആന്റ് നെയിം ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡോ. പങ്കജ് ഫഡ്നിസാണ് ഹര്‍ജി നല്‍കിയത്. സവര്‍ക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സവര്‍ക്കര്‍ എന്ന പദം എംബ്ലം ആന്‍ഡ് നെയിം ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 1950ലെ ഈ ആക്ടില്‍ ഉള്‍പ്പെട്ട പേരുകള്‍ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാണ്. ഇവര്‍ക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും സാധിക്കും. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അതിര് വിടുന്നുണ്ടെന്നും അദ്ദേഹത്തിന് നിര്‍ബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

