Site icon Janayugom Online

ബിജെപി കോർകമ്മിറ്റി: വി മുരളീധരനും സുരേന്ദ്രനും രൂക്ഷ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിച്ചശേഷം ആദ്യമായി ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രൂക്ഷ വിമർശനം. പാർട്ടിക്കുണ്ടായ കനത്ത തോൽവിയുടെ പ്രധാന ഉത്തരവാദിത്തം മുരളീധരനും കെ സുരേന്ദ്രനും ആണെന്ന് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖർ ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ട് ചർച്ചചെയ്യലായിരുന്നു പ്രധാന അജണ്ട. ഈ റിപ്പോർട്ടുകളിലും തെരഞ്ഞെടുപ്പ് തോൽവി ഉന്നത നേതാക്കളുടെ പിടിപ്പുകേടിന്റെ ഫലമാണെന്ന് സൂചിപ്പിക്കുന്നു.

ഒ രാജഗോപാലിനെ പോലുള്ളവരുടെ പ്രസ്താവനകൾ തിരിച്ചടിയായി. അതിനൊപ്പം കെ സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് ജനങ്ങളിൽ വിശ്വാസമില്ലാതാക്കി തുടങ്ങിയ ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. 

റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് മുരളീധരനും സുരേന്ദ്രനുമെതിരെ വിമർശനമുയർന്നത്. വി മുരളീധരൻ സംസ്ഥാന രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തീരുമാനങ്ങളെടുക്കുന്നത് ഏകപക്ഷീയമായിട്ടാണ്. മുതിർന്ന നേതാക്കളുടെ പോലും അഭിപ്രായം പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം വിവേചനപരമായിരുന്നു. കെ സുരേന്ദ്രനും എം ഗണേശും ചേർന്ന് ഫണ്ട് കൈകാര്യം ചെയ്തതാണ് പിന്നീട് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആരോപണങ്ങളിലെത്തിച്ചതെന്നും നേതാക്കൾ വിമർശിച്ചു.

കേരളത്തിന്റെ സംഘടനാചുമതലയുള്ള സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രാദേശിക നേതാക്കളുടെ അഭിപ്രായം കേട്ട് ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള നാല് സംഘങ്ങൾ തയാറാക്കിയ റിപ്പോർട്ടാണ് യോഗത്തിനു മുന്നിലെത്തിയത്. സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പു പ്രവർത്തനത്തിലെ ഏകോപനമില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം റിപ്പോർട്ടിലും ചർച്ചകളിലുമുണ്ടായിരുന്നു.

Eng­lish Sum­ma­ry : criti­sism against v muraleed­ha­ran and suren­dran in bjp core committee

You may also like this video :

Exit mobile version