Site iconSite icon Janayugom Online

വിള ഇന്‍ഷുറന്‍സ് കര്‍ഷകസൗഹൃദമാകണം

മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ഫസൽ ബീമ യോജന പദ്ധതിയും നേട്ടമുണ്ടാക്കിക്കൊടുത്തത് കുത്തക കമ്പനികള്‍ക്കെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇത് കേവലം മാധ്യമ റിപ്പോര്‍ട്ടല്ല, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തന്നെയാണ് രാജ്യസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രഖ്യാപിച്ചുകാെണ്ടിരുന്ന പ്രധാനമന്ത്രിയുടെ ഈ പദ്ധതിയും അദ്ദേഹത്തിന്റെ മറ്റെല്ലാ പദ്ധതികളെയുംപോലെ നിരര്‍ത്ഥകം എന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തിൽ 57,000 കോടി രൂപയാണ് വിള ഇൻഷുറൻസ് വഴി സ്വകാര്യ‑പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികൾ ലാഭം കൊയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യകമ്പനികളാണു താനും. പദ്ധതി തുടങ്ങിയ 2016 മുതൽ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ പ്രീമിയമായി കര്‍ഷകര്‍ അടച്ചത് 1,97,657കോടിയാണ്. എന്നാല്‍ രാജ്യത്താകെ നഷ്ടപരിഹാര ഇനത്തിൽ കമ്പനികള്‍ വിതരണം ചെയ്തത് 1,40,036 കോടി രൂപ മാത്രവും. ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് നാമമാത്ര നഷ്ടപരിഹാരമായി ഇത്രയും തുക നല്‍കിയപ്പോള്‍ വിരലിലെണ്ണാവുന്ന കമ്പനികളുണ്ടാക്കിയ ലാഭമാണ് 57,000 കോടി. 2022–23ല്‍ മാത്രം കർഷകർ 27,900 കോടി പ്രീമിയം അടച്ചു. കമ്പനികൾ വിതരണം ചെയ്തതാകട്ടെ 5,760 കോടി മാത്രം. കമ്പനികള്‍ കൊള്ളയടിച്ചത് 22,140 കോടി.

 


ഇതുകൂടി വായിക്കു; ‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മ


2016 ഫെബ്രുവരി 18നാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതിയെന്നായിരുന്നു വാഗ്ദാനം. 1999 മുതല്‍ നിലവിലുണ്ടായിരുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിഷ്‌കരിച്ചാണ് പുതിയ പദ്ധതിയുണ്ടാക്കിയത്. മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഒഴികെയുള്ള കൃഷിനാശങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അടിയന്തരമായി പ്രശ്നം വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പദ്ധതിപ്രകാരം ഖാരിഫ് വിളകളുടെ ഇൻഷുർ തുകയുടെ രണ്ട് ശതമാനവും റാബി വിളകളുടെ 1.5 ശതമാനവും കർഷകർ അടയ്ക്കണം. വാണിജ്യവിളകൾക്ക് അ ഞ്ച് ശതമാനമാണ് അടയ്ക്കേണ്ടത്. പ്രീമിയത്തിന്റെ ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50 ശതമാനം വീതം നൽകും. കോർപറേറ്റുകൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ അവസരം നൽകുന്ന പദ്ധതിയാണിതെന്ന് കര്‍ഷകസംഘടനകൾ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ‘ഒരു രാജ്യം-ഒരു പദ്ധതി’ എന്ന ആശയപ്രകാരം പിഎംഎഫ്ബിവൈ നടപ്പാക്കുകയായിരുന്നു. അപാകതകള്‍ ചൂണ്ടിക്കാട്ടി കാര്‍ഷിക സംസ്ഥാനമായ പഞ്ചാബ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമായില്ല. ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ഇടക്കാലത്ത് പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു. പക്ഷേ കേന്ദ്രം നിര്‍ബന്ധപൂര്‍വം സംസ്ഥാനങ്ങളെ പദ്ധതിയുടെ ഭാഗമാകാന്‍ സമ്മര്‍ദം ചെലുത്തുകയാണ്.


ഇതുകൂടി വായിക്കു; 2023 അവസാനം തെരഞ്ഞെടുപ്പിന് ‘ഇന്ത്യ’ തയ്യാറാകണം


ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുകയാണെന്ന കണക്ക് ഇതാദ്യമല്ല. കഴിഞ്ഞവര്‍ഷവും ഇതേ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ പിഎംഎഫ്ബിവൈ സംബന്ധിച്ച് നല്‍കിയ കണക്കുകളും സമാനമായിരുന്നു. 2022 മാർച്ച് 31 വരെ കർഷകർക്ക് 1,19,314 കോടി നഷ്ടപരിഹാരം ലഭിച്ചു. എന്നാൽ 1,59,132 കോടിയാണ് ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുത്ത പ്രീമിയം. കമ്പനികളുടെ നേട്ടം 40,000 കോടി രൂപ. ബിജെപി അംഗം സുശീൽ കുമാർ മോഡിയായിരുന്നു അന്ന് സഭയില്‍ ചോദ്യമുന്നയിച്ചത്. പദ്ധതിയുടെ മറവിൽ വൻ കൊള്ള നടക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി അന്ന് ആരോപിച്ചിരുന്നു. സർക്കാറിന് പ്രിയപ്പെട്ട സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ് പദ്ധതി കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തും നൽകിയിരുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ സിഎജി ഓഡിറ്റ് നടത്തണമെന്നും കുറ്റക്കാരായ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തവണ കൃഷിമന്ത്രി തന്നെ, ഇൻഷുറൻസ് തുക യഥാസമയം വിതരണം ചെയ്യാത്തതും വൈകി നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പാർലമെന്റില്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിയെക്കുറിച്ച് പുനരാലോചന നടത്താന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് അനുയോജ്യമായ രീതിയിലുള്ള പരിഷ്കാരങ്ങള്‍ വരുത്തി കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം, കൃത്യസമയത്ത് ലഭ്യമാക്കണം.

Exit mobile version